ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

വ്യാപാരക്കരാർ വരും മുൻപേ തിരിച്ചടി; ഇന്ത്യയ്ക്കുള്ള ഇളവുകൾ റദ്ദാക്കി യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി: ഇന്ത്യയുമായി വൈകാതെ ചരിത്രപരമായ വ്യാപാരക്കരാറിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയ യൂറോപ്യൻ യൂണിയൻ (ഇയു) ഇതിനിടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നൽകിയത് അപ്രതീക്ഷിത അടി. വസ്ത്രം, ആഭരണം, കെമിക്കൽ, പ്ലാസ്റ്റിക്, മെറ്റൽ തുടങ്ങി ഒട്ടേറെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന ശരാശരി 20% തീരുവയിളവ് ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നവിധം യൂറോപ്യൻ യൂണിയൻ റദ്ദാക്കി.

യൂറോപ്യൻ യൂണിയന്റെ ഭാഗമായ 27 രാജ്യങ്ങളിലേക്ക് തീരുവ ഭാരമില്ലാതെ വിപണിപ്രവേശനം കിട്ടിയിരുന്നത് ഇത്രകാലം ഇന്ത്യൻ കയറ്റുമതി രംഗത്തെ കമ്പനികൾക്ക് വലിയ ആശ്വാസമായിരുന്നു. ഇതാണ് ഇപ്പോൾ റദ്ദായത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) അടുത്തയാഴ്ച ഒപ്പുവയ്ക്കാനിരിക്കേയാണ് തിരിച്ചടി.

എന്നാൽ, നിലവിലുള്ള സംവിധാനത്തിൽ വന്ന മാറ്റം മാത്രമാണിതെന്നും ഇന്ത്യൻ കയറ്റുമതി കമ്പനികൾക്ക് പുതിയ പ്രതിസന്ധികളൊന്നും ഉണ്ടാവില്ലെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു. സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതോടെ തീരുവയിളവ് നേടാനും വിപണി വിപുലീകരിക്കാനും മികച്ച വരുമാനം സ്വന്തമാക്കാനും ഇന്ത്യൻ കമ്പനികൾക്ക് കഴിയുമെന്നുമാണ് പ്രതീക്ഷ.

ജനറലൈസ്ഡ് സ്കീം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പ്രകാരം ചില ഇന്ത്യൻ കയറ്റുമതി വിഭാഗങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങളാണ് യൂറോപ്യൻ യൂണിയൻ എടുത്തുകളഞ്ഞത്. ഫലത്തിൽ, ജനുവരി ഒന്നുമുതലുള്ള കയറ്റുമതിക്ക് അധിക തീരുവ നൽകേണ്ട സ്ഥിതിയായി. കാർഷികോൽപന്നങ്ങൾ, ലെതർ തുടങ്ങി 13 ശതമാനത്തോളം വരുന്ന ഉൽപന്നങ്ങൾക്ക് മാത്രമാണ് തീരുവയിളവ് നിലനിർത്തിയത്.

ആനുകൂല്യം റദ്ദായതോടെ നിരവധി കയറ്റുമതി മേഖലകൾക്ക് വിപണിയിൽ കിട്ടിയിരുന്ന മുൻതൂക്കവും നഷ്ടമായേക്കുമെന്ന് ആശങ്കയുണ്ട്. വിപണിയിലെ മത്സരത്തിൽ ഇത്രകാലം ബംഗ്ലദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മേൽക്കൈയും നഷ്ടമാകുമെന്നതാണ് ആശങ്ക.

ഉദാഹരണത്തിന്, വസ്ത്ര കയറ്റുമതിക്ക് ജിഎസ്പി പ്രകാരം 9.6% മാത്രമാണ് തീരുവ. ഇളവ് എടുത്തുകളഞ്ഞതോടെ ഇനി 12% തീരുവ അടയ്ക്കണം.

അതേസമയം, ഇയുവിന്റെ നടപടി തിരിച്ചടിയല്ലെന്നും ഇന്ത്യയിൽ നിന്നുള്ള 2.66% കയറ്റുമതിയെ മാത്രമേ ഇതു ബാധിക്കൂ എന്നും വ്യക്തമാക്കി കേന്ദ്രം രംഗത്തെത്തി. 2024-25 പ്രകാരം 75.85 ബില്യൻ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ യൂറോപ്യൻ യൂണിയനിലേക്ക് നടത്തിയത്.

ഇതിൽ 5.07 ബില്യന്റെ ഓർഗാനിക് കെമിക്കൽസ്, 2.5 ബില്യന്റെ പവിഴവും മറ്റ് അമൂല്യ ലോഹങ്ങളും, 11.25 ബില്യന്റെ ഇലക്ട്രിക്കൽ മെഷിനറികൾ എന്നിവയ്ക്ക് മാത്രമാണ് തീരുവയിളവ് പിൻവലിച്ച നടപടി ബാധകമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ) പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുമായി ഒപ്പുവയ്ക്കാൻ പോകുന്നത് ചരിത്രപരമായ വ്യാപാരക്കരാർ എന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെൻ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കവേയാണ് ഉർസുല ഇക്കാര്യം പറഞ്ഞത്.

X
Top