
മുംബൈ: നാല് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 153.09 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 81773.66 ലെവലിലും നിഫ്റ്റി 62.15 പോയിന്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 25046.15 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1697 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2297 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
183 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, അള്‍ട്രാടെക്ക് സിമന്റ്, ജിയോ ഫിനാന്‍ഷ്യല്‍,ഒഎന്‍ജിസി എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ടൈറ്റന്‍, ഇന്‍ഫോസിസ്,ടിസിഎസ്,ടെക്ക് മഹീന്ദ്ര,മാക്‌സ് ഹെല്‍ത്ത്‌കെയര്‍ എന്നിവ നേട്ടമുണ്ടാക്കി.
മേഖലകളില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഐടി ഒഴികെയുള്ളവ ഇടിഞ്ഞപ്പോള്‍ റിയാലിറ്റി, ടെലികോം, ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ്, പൊതുമേഖല ബാങ്ക്, വാഹനം എന്നിവ 0.3-2 ശതമാനം വരെ പൊഴിച്ചു. ബിഎസ്ഇ മിഡ്ക്യാപ് 0.7 ശതമാനവും സ്‌മോള്‍ക്യാപ് 0.4 ശതമാനവുമാണിടിഞ്ഞത്.
നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതായി ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. രണ്ടാംപാദ വരുമാന സീസണിന് മുന്‍പുള്ള ജാഗ്രതയും വളര്‍ച്ച കുറയുമെന്ന ഭീതിയുമാണ് കാരണം.
കൂടാതെ ആഗോള അനിശ്ചിതത്വം വര്‍ദ്ധിക്കുന്നു. ആഭ്യന്തര വരുമാനം, മാക്രോഇക്കണോമിക് ഡാറ്റ, ഉത്സവസീസണ്‍ ഉപഭോഗം എന്നിവ വരും ദിവസങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും.