
കോഴിക്കോട്: വീട്ടില്‍ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകളിലൂടെ സൈബര്‍ അറ്റാക്കിനും ഡാറ്റ മോഷണത്തിനുമുള്ള സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഷിജാസ് മൊഹിദീന്‍ പറഞ്ഞു. ഫോണിലെ മൈക്രൊഫോണിലൂടെ നമ്മുടെ നിത്യേനയുള്ള സംസാരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ട്. എയര്‍പോഡുകള്‍ ഉപയോഗിക്കുമ്പോള്‍ അതുവഴിയും വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നു. ശരീരത്തില്‍ ഫോണ്‍ ചേര്‍ത്തുവെച്ച് കിടക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ പോലും ചോര്‍ത്തിയെടുക്കാവുന്ന തരത്തില്‍ സാങ്കേതികത മാറിയെന്നും ടെകന്‍സ് ഗ്ലോബല്‍ സിഇഒ കൂടിയായ അദ്ദേഹം വ്യക്തമാക്കി.
സൈബര്‍ സുരക്ഷ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷിജാസ് മൊഹിദീന്‍. ഇന്ത്യയിലെ വിശ്വസ്തരായ സൈബര്‍ സുരക്ഷാ പങ്കാളികളുടെ പട്ടികയില്‍ മലപ്പുറം വെട്ടിച്ചിറ ആസ്ഥാനമായ ടെകന്‍സ് ഗ്ലോബല്‍ സ്ഥാനം പിടിച്ചു. ഇന്ത്യയിലെ 199-മത് സെര്‍ട്-ഇന്‍ എംപാനല്‍ ചെയ്ത പങ്കാളിയാണ് ടെകന്‍സ് ഗ്ലോബല്‍. കമ്പനിയുടെ സാങ്കേതിക ശേഷി, പ്രവര്‍ത്തന പക്വത, ദേശീയ സൈബര്‍ സുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവയ്ക്കുള്ള അംഗീകാരമാണ് പുതിയ നേട്ടം.
സെര്‍ട്-ഇനില്‍ എംപാനല്‍ ചെയ്യപ്പെടുന്നതിലൂടെ ഇന്ത്യന്‍ ഗവ.സ്ഥാപനങ്ങള്‍ക്കും, സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും, മറ്റ് മേഖലകള്‍ക്കും സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് ഐടി സ്ഥാപനങ്ങള്‍ യോഗ്യരാവുന്നു. എംപാനല്‍ ചെയ്യപ്പെട്ട വിതരണക്കാരും സര്‍ക്കാരുമായും ഉപഭോക്താക്കളുമായും വേഗത്തിലുള്ള ഇടപെടല്‍ സാധ്യമാക്കുന്നു. ടെകന്‍സ് ഗ്ലോബല്‍ ജീവനക്കാരും സാങ്കേതികവിദ്യയും സെര്‍ട് ഇന്‍ ന്റെ മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. പൊതുമേഖലയെയും ധനകാര്യ സ്ഥാപനങ്ങളെയും ടെകന്‍സ് പൂര്‍ണമായി പിന്തുണയ്ക്കുന്നു.






