
മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യുടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാൻ റോണി സ്ക്രൂവാല നയിക്കുന്ന അപ്ഗ്രേഡും താൽപ്പര്യമറിയിച്ച് രംഗത്ത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെ സ്വന്തമാക്കാനാണ് ബിരുദ വിദ്യാഭ്യാസത്തിന് ഊന്നൽകുന്ന എജ്യുടെക് സ്റ്റാർട്ടപ്പായ അപ്ഗ്രേഡ് ഉന്നമിടുന്നത്.
കഴിഞ്ഞദിവസം വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ബൈജൂസിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നത് ശതകോടീശ്വരൻ ഡോ. രഞ്ജൻ പൈസ നയിക്കുന്ന മണിപ്പാൽ ഗ്രൂപ്പ് മാത്രമായിരുന്നു.
സെപ്റ്റംബർ 24 ആയിരുന്നു ബൈജൂസിനെ ഏറ്റെടുക്കാനുള്ള താൽപ്പര്യമറിയിക്കാൻ റസൊല്യൂഷൻ പ്രൊഫഷണൽ ആദ്യം അനുവദിച്ച സമയം. രംഗത്തുള്ളത് മണിപ്പാൽ ഗ്രൂപ്പ് മാത്രമായിരുന്നതിനാൽ കൂടുതൽ കമ്പനികളെ പ്രതീക്ഷിച്ച് തീയതി നവംബർ 13ലേക്ക് നീട്ടിയിരുന്നു. നിലവിൽ ഇതു വീണ്ടുംനീട്ടി ഡിസംബർ 15 ആക്കിയിട്ടുണ്ട്.
ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് എജ്യുക്കേഷനൽ സർവീസസിൽ നിലവിൽ 58% ഓഹരി പങ്കാളിത്തം മണിപ്പാൽ ഗ്രൂപ്പിനുണ്ട്. തിങ്ക് ആൻഡ് ലേണിനെക്കൂടി സ്വന്തമാക്കി പങ്കാളിത്തം കൂട്ടാനുള്ള ശ്രമത്തിലാണ് മണിപ്പാൽ ഗ്രൂപ്പ്. ആകാശിൽ തിങ്ക് ആൻഡ് ലേണിന് 25% ഓഹരികളുണ്ട്. ഇതിനിടെയാണ്, ഇപ്പോൾ വെല്ലുവിളി ഉയർത്തി സ്ക്രൂവാലയുടെ അപ്ഗ്രേഡും രംഗത്തെത്തിയത്.
നിലവിൽ ബിരുദ വിദ്യാഭ്യാസത്തിന് ഊന്നൽനൽകി പ്രവർത്തിക്കുന്ന കമ്പനിയാണ് അപ്ഗ്രേഡ് (UpGrad). നഴ്സറി മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പിന്തുണ നൽകുന്ന ബൈജൂസിന്റെ കെ12 ബിസിനസ്, ഉപസ്ഥാപനമായ ഗ്രേറ്റ് ലേണിങ് എന്നിവയാണ് അപ്ഗ്രേഡ് ഉന്നമിടുന്നത്. ആകാശ് എജ്യുക്കേഷനൽ സർവീസസിലും നോട്ടമുണ്ട്.
എൻട്രൻസ് പരീക്ഷകൾക്ക് ഊന്നൽ നൽകുന്ന എജ്യുടെക് കമ്പനിയായ അൺഅക്കാഡമിയെ ഏറ്റെടുക്കാനുള്ള ചർച്ചകളിലേക്ക് അപ്ഗ്രേഡ് അടുത്തിടെ കടന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ബൈജൂസിലേക്കും കണ്ണെറിയുന്നത്.
സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ട് കടം തിരിച്ചടയ്ക്കാൻ പറ്റാതായ ബൈജൂസ് നിലവിൽ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ഉത്തരവുപ്രകാരമാണ് പാപ്പരത്ത നടപടിക്ക് (ബാങ്ക്റപ്റ്റ്സി) വിധേയമാകുന്നത്.
ഇതനുസരിച്ച് നിയമിതനായ റസൊല്യൂഷൻ പ്രൊഫഷനൽ ശൈലേന്ദ്ര അജ്മേറയാണ് ഓഹരി വിൽപനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. 158 കോടി രൂപയുടെ സ്പോൺസർഷിപ്പ് കുടിശിക ചൂണ്ടിക്കാട്ടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സമർപ്പിച്ച പരാതിയെ തുടർന്നാണ് ബൈജൂസിനുമേൽ പാപ്പരത്ത നടപടി.






