
ഡൽഹി: കെഎസ്കെ മഹാനദി പവർ കമ്പനിയുടെ നിഷ്ക്രിയ വായ്പാ അക്കൗണ്ട് 1,622 കോടി രൂപയ്ക്ക് ആദിത്യ ബിർള എആർസിക്ക് വിറ്റ് പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ. വില്പന തുക മൊത്തം കുടിശ്ശികയുടെ ഏകദേശം 58 ശതമാനം വീണ്ടെടുക്കലിന് തുല്യമാണ്. കെഎസ്കെ മഹാനദി പവർ കമ്പനി വായ്പ കുടിശ്ശികയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നൽകാനുള്ളത് 3,815.04 കോടി രൂപയാണ്.
2022 ഏപ്രിൽ 20 ന് കമ്പനിയുടെ നിഷ്ക്രിയ വായ്പാ അക്കൗണ്ട് വിൽക്കാനായി എസ്ബിഐ ഒരു ഓപ്പൺ ഓഫർ ഇ-ലേലം ആരംഭിക്കുകയും, ലേലത്തിനായി 1,544.08 കോടി രൂപയുടെ കരുതൽ വില നിശ്ചയിക്കുകയും ചെയ്തിരുന്നു.
ഇതിലൂടെ സർക്കാർ ഉടമസ്ഥതയിലുള്ള വായ്പാ ദാതാവിന് മൊത്തം 15 താൽപ്പര്യ പ്രകടനങ്ങൾ (ഇഒഐകൾ) ലഭിച്ചു, അതേസമയം മെയ് അവസാനം നടന്ന അവസാന ഘട്ട ലേലത്തിൽ ആദിത്യ ബിർള എആർസിയിൽ നിന്നുള്ള ബിഡ് മാത്രമാണ് ബാങ്കിന് ലഭിച്ചത്. 1,544.08 കോടി രൂപയുടേതായിരുന്നു ആദിത്യ ബിർള എആർസിയുടെ ബിഡ്.
ജൂണിൽ നടന്ന ഒരു സ്വിസ് ചലഞ്ച് ലേല പ്രക്രിയയിൽ മത്സര ബിഡുകളൊന്നും ലഭിക്കാത്തതിനാൽ തുടർന്നുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ, ആദിത്യ ബിർള എആർസിയുടെ ഓഫർ അംഗീകരിച്ചതായി എസ്ബിഐ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
2009 ജൂണിൽ സ്ഥാപിതമായ കെഎസ്കെ മഹാനദി പവർ രണ്ട് വർഷത്തിലേറെയായി ഇൻസോൾവൻസി ആൻഡ് പാപ്പരത്ത നിയമത്തിന് കീഴിലുള്ള കോർപ്പറേറ്റ് ഇൻസോൾവൻസി റെസൊല്യൂഷൻ പ്രക്രിയയിലാണ്.