
കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ഗാർഹിക കടം വർധിച്ചുകൊണ്ടിരിക്കുകയാണ്. കടം കുത്തനെ കൂടുന്നതിൽ പല സാമ്പത്തിക വിദഗ്ധരും ആശങ്ക പങ്കുവച്ചിരുന്നു. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക സാഹചര്യത്തിന്റെയും കടത്തിന്റെ സ്വഭാവത്തിന്റെയും പശ്ചാത്തലം പരിഗണിക്കുമ്പോൾ, ഗാർഹിക വായ്പകളിലെ വർദ്ധനവ് നിയന്ത്രിക്കാവുന്നതും ഏറെക്കുറെ ആരോഗ്യകരവുമാണെന്ന് റിപ്പോർട്ട് പറയുന്നു.
പ്രൈം അല്ലെങ്കിൽ അതിനു മുകളിലുള്ള ക്രെഡിറ്റ് റേറ്റിങുള്ള വായ്പക്കാരുടെ കൈവശമാണ് ഗാർഹിക കടത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉള്ളതെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഇത് ശക്തമായ ക്രെഡിറ്റ് യോഗ്യതയെ സൂചിപ്പിക്കുന്നു. കടത്തിലെ വർധനവിന് കാരണം വായ്പക്കാർ കൂടുന്നതാണ് എന്നും റിപ്പോർട്ടിലുണ്ട്.
ഈ കടത്തിന്റെ ഏകദേശം 25% വീടുകൾക്കും വാഹനങ്ങൾക്കും വേണ്ടിയുള്ള ആസ്തി നിർമ്മാണ വായ്പകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു 30% കൃഷി, വിദ്യാഭ്യാസം, ബിസിനസുകൾ എന്നിവയ്ക്കുള്ള വായ്പകൾ ഉൾപ്പെടെയുള്ള ഉൽപാദന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ തരത്തിലുള്ള വായ്പ പൊതുവെ ഗുണം ചെയ്യുന്നതായി കാണുന്നു എന്നും റിപ്പോർട്ട് എടുത്ത് പറയുന്നു.
ഗാർഹിക കടത്തിലെ വർധനവ് കൈകാര്യം ചെയ്യാവുന്നതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) കണക്കാക്കുന്നു. ഇന്ത്യയുടെ ഗാർഹിക കടം-ജിഡിപി അനുപാതം 42% ആണ്. ഇത് മറ്റ് വളർന്നുവരുന്ന വിപണി സമ്പദ്‌വ്യവസ്ഥകളിലെ 49.1% എന്ന ശരാശരിയേക്കാൾ കുറവാണ്.
വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡ് കടം, കൺസ്യൂമർ ഡ്യൂറബിൾ ഫിനാൻസിങ് തുടങ്ങിയ ഗാർഹിക വായ്പകളിൽ 45% ഉപഭോഗത്തിനാണ് ഉപയോഗിക്കുന്നത് എന്നാണ് എസ്‌ബിഐയുടെ വിശകലനം. ആർബിഐ നിലവിലുള്ള റിപ്പോ നിരക്ക്100 ബേസിസ് പോയിന്റുകൾ കുറച്ചിട്ടുണ്ട്. ഇത് കടമെടുപ്പ് നടത്തിയവർക്കും ഇനിയും കടമെടുക്കാൻ ഒരുങ്ങുന്നവർക്കും ആശ്വാസം നൽകുമെന്നാണ് എസ് ബി ഐ റിപ്പോർട്ട് പറയുന്നത്.
ആർ ബി ഐ പലിശ കുറച്ചത് 80% റീട്ടെയിൽ, MSME വായ്പാ പോർട്ട്‌ഫോളിയോകൾക്കും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പലിശ ചെലവ് കുറയുന്നതിനാൽ കുടുംബങ്ങൾക്ക് ഏകദേശം 50,000 മുതൽ 60,000 രൂപ വരെ ലാഭിക്കാൻ കഴിയും. പലിശ കുറച്ച ആർ ബി ഐയുടെ നടപടി രണ്ട് വർഷത്തേക്ക് കൂടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഗാർഹിക വായ്പാ ചെലവ് ഇനിയും കുറയ്ക്കും.
ഗാർഹിക കടം കൂടുന്നത് അത്ര പ്രശ്നമല്ല എന്ന എസ് ബി ഐ റിപ്പോർട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അനുകൂലമാണ്. കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള കടം മാത്രമേ ഇന്ത്യൻ കുടുംബങ്ങൾക്കുള്ളൂ എന്ന അഭിപ്രായം ഇന്ത്യയിൽ നിക്ഷേപിക്കാൻ വിദേശ കമ്പനികളെ കൂടുതൽ പ്രേരിപ്പിക്കും.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലാണ് കുടുംബങ്ങൾ ഏറ്റവും കൂടുതൽ പണം ചെലവിടേണ്ടി വരുന്നത്. ഈ രണ്ടു മേഖലകളിലും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ കുടുംബങ്ങളുടെ പോക്കറ്റ് ചോർച്ച കുറയും.






