
ന്യൂയോര്‍ക്ക്: ആഗോള സാമ്പത്തിക പ്രസിദ്ധീകരണം, ഗ്ലോബല്‍ ഫിനാന്‍സിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്ക് 2025’ പദവി കരസ്ഥമാക്കിയിരിക്കയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഒരു ആഗോള സാമ്പത്തിക സംഗമത്തില്‍ ബാങ്ക് അവാര്‍ഡ് ഏറ്റുവാങ്ങി.
ഇന്ത്യയിലെ മികച്ച ബാങ്കായും ഗ്ലോബല്‍ ഫിനാന്‍സ് എസ്ബിഐയെ തിരഞ്ഞെടുത്തു. വ്യക്തഗത ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കണക്കിലെടുത്താണ് ഇരു അവാര്‍ഡുകളും. നവീകരണം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ഉപഭോക്തൃ സംതൃപ്തി എന്നിവയോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് അവാര്‍ഡുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് എസ്ബിഐ പറഞ്ഞു.
നിലവില്‍ 520 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. പ്രതിദിനം 65,000 പേരെ അധികം ചേര്‍ക്കുന്നു. ഇതിനായി സാങ്കേതിക വിദ്യ, ഡിജിറ്റല്‍ രംഗങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 100 ദശലക്ഷത്തിലധികം പേരാണ് ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ യോനോ ഉപയോഗപ്പെടുത്തുന്നത്. പ്രതിദിനം 10 ദശലക്ഷത്തിലധികം പേര്‍ ആപ്പ് ഉപയോഗിക്കുന്നു.






