
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 21504.49 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.4 ശതമാനം അധികമാണിത്. സ്റ്റാന്‍ലോണ്‍ ലാഭം 10 ശതമാനം ഉയര്‍ന്ന് 20159.67 കോടി രൂപ.
അറ്റ പലിശ വരുമാനം 3.28 ശതമാനം ഉയര്‍ന്ന് 42984 കോടി രൂപയായപ്പോള്‍ ആഭ്യന്തര പലിശ മാര്‍ജിന്‍ (എന്‍ഐഎം) 18 ബേസിസ് പോയിന്റിടിഞ്ഞ് 3.09 ശതമാനമായി. പ്രവര്‍ത്തന ലാഭം 8.91 ശതമാനമുയര്‍ന്ന് 31904 കോടി രൂപ. മൊത്തം വായ്പ 12.73 ശതമാനമുയര്‍ന്നപ്പോള്‍ ആഭ്യന്തര വായ്പകള്‍ 12.32 ശതമാനമുയര്‍ന്നു.
നിക്ഷേപം 9.27 ശതമാനവും കാസ (കറന്റ്, സേവിംഗ്സ് അക്കൗണ്ട്)8.06 ശതമാനവും അധികമായി. പ്രൊവിഷനിംഗുള്ള നിഷ്‌ക്രിയ ആസ്തി അനുപാതം 75.79 ശതമാനമായി മെച്ചപ്പെട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.42 ശതമാനവും മൊത്തം നിഷ്‌ക്രി ആസ്തി അനുപാതം 1.73 ശതമാനവുമായി കുറഞ്ഞു..
പ്രതീക്ഷകളെ കടത്തിവെട്ടുന്ന പ്രകടനമാണ് ബാങ്കിന്റേത്. കഴിഞ്ഞ വര്‍ഷത്തെ മാര്‍ജിന്‍ സമ്മര്‍ദ്ദവും ഉയര്‍ന്ന അടിത്തറയും ചൂണ്ടിക്കാട്ടി വിശകലന വിദഗ്ധര്‍ മങ്ങിയ പാദം പ്രവചിച്ചിരുന്നു. 15282 കോടി രൂപയുടെ അറ്റാദായവും 40766 കോടി രൂപയുടെ അറ്റ പലിശ വരുമാനവുമാണ് പ്രവചിക്കപ്പെട്ടിരുന്നത്..






