
റിയാദ്: അടിമുടി പരിഷ്‌കാരങ്ങൾക്കും മാറ്റങ്ങൾക്കും തയ്യാറെടുത്ത് സൗദി അറേബ്യ. എണ്ണയിലെ നേതൃസ്ഥാനം ഊർജമേഖലയിൽ ഒന്നാകെ കൈവരിക്കാനാണ് രാജ്യത്തിന്റെ ശ്രമം. ആഗോള ഊർജ വിപണിയുടെ രാജാവാകാനാണ് സൗദി ലഷ്യമിടുന്നത്.
ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ രാജ്യം, നിലവിൽ എല്ലാത്തരം ഊർജത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനത്തിനെതിരെ പോരാടാനുള്ള ശ്രമങ്ങളും ഗൗരവമായി എടുക്കുകയും ചെയ്യുന്നതായി സൗദി ഊർജമന്ത്രി വ്യക്തമാക്കി.
‘നമ്മൾ ഒരു രാജ്യമെന്ന നിലയിൽ, എണ്ണ ഉൽപ്പാദിപ്പിക്കുന്ന മുൻനിര രാജ്യം എന്ന് വിളിക്കപ്പെടുന്നില്ല… ഊർജം ഉത്പാദിപ്പിക്കുന്ന രാജ്യം, എല്ലാത്തരം ഊർജ്ജവും എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു.’- സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ നടന്ന ഖനന സമ്മേളനത്തിൽ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
സൗദി ഫോസിൽ ഇന്ധന ഉൽപ്പാദനം തുടരും, എന്നാൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള ഉദ്വമനം കുറയ്ക്കാൻ രാജ്യം പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോസിൽ ഇന്ധനങ്ങളിൽ തുടർന്നും താൽപ്പര്യം പ്രകടിപ്പിക്കുന്നവരുണ്ട്. എന്നാൽ ഈ ഫോസിൽ ഇന്ധനങ്ങൾ ലഘൂകരിക്കാൻ പ്രവർത്തിക്കേണ്ടതുണ്ടെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം, ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിയിൽ, ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു വാദവും രാജ്യം അംഗീകരിക്കില്ലെന്ന് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ബ്ലൂംബെർഗിനോട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നും സൗദി മന്ത്രി വ്യക്തമാക്കി.
ഊർജ മേഖലയുടെ ശ്രദ്ധയും ചർച്ചകളും എമിഷൻ എങ്ങനെ കുറയ്ക്കാം എന്നതിലായിരിക്കണം, അല്ലാതെ എണ്ണ- വാതക ഉൽപ്പാദനം കുറയ്ക്കുന്നതിലാകരുതെന്ന് സൗദി അറേബ്യയും അതിന്റെ സംസ്ഥാന എണ്ണ ഭീമനായ അരാംകോയും ആവർത്തിച്ച് പറയുന്നു.
സൗദി അരാംകോ പുനരുപയോഗിക്കുന്ന, ഇ- ഇന്ധനങ്ങൾ, ഹൈഡ്രജൻ, കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജ് (സിസിഎസ്) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഒക്ടോബറിൽ നടന്ന എനർജി ഇന്റലിജൻസ് ഫോറത്തിൽ സംസാരിച്ച അരാംകോയുടെ ചീഫ് എക്സിക്യൂട്ടീവ് അമിൻ നാസർ വ്യക്തമാക്കിയിരുന്നു.
ലോകത്തിന് ഇനിയും പതിറ്റാണ്ടുകളോളം എണ്ണയും വാതകവും ആവശ്യമായി വരുമെന്നും, മറ്റ് ഊർജ സ്രോതസുകൾക്ക് ഈ അവശ്യം നിറവേറ്റാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.