കപ്പല്‍ നിര്‍മ്മാണ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യഇത്തവണ കേന്ദ്ര ബജറ്റ് ഞായറാഴ്ചദാവോസിലെ ലോക സാമ്പത്തിക ഫോറ സമ്മേളനത്തിന് കേരളംകടമക്കുടിക്ക് ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 7.79 കോടിയുടെ ഭരണാനുമതികേരളം അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു

സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ബജറ്റിനുമുൻപ്‌ പ്രഖ്യാപിച്ചേക്കും

കൊല്ലം: സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണം ബജറ്റിനുമുൻപ്‌ പ്രഖ്യാപിച്ചേക്കും. മാർച്ചിൽ പുതിയ ശമ്പളം നൽകുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. 2024 ജൂലായ്‌ ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെയാകും പരിഷ്കരണം.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നും ഉറപ്പാണ്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്‌ വാഗ്ദാനമായ 2,500 രൂപ എന്ന ലക്ഷ്യത്തിലേക്ക് ക്ഷേമ പെൻഷൻ തുക എത്തിക്കണമെന്നാണ് സൂചന.

ശമ്പളപരിഷ്കരണ കമ്മിഷനു പകരം സർക്കാർ ചുമതലപ്പെടുത്തിയ, ഉദ്യോഗസ്ഥസമിതി ഫോർമുല തയ്യാറാക്കിയിട്ടുണ്ട്. രാഷ്ട്രീയതീരുമാനം വന്നാലുടൻ പ്രഖ്യാപനം നടക്കും. കഴിഞ്ഞ ശമ്പളപരിഷ്കരണ സമയത്ത് അടിസ്ഥാനശമ്പളത്തിന്റ 1.37 മടങ്ങ് കണക്കാക്കി പുതിയ അടിസ്ഥാനശമ്പളം നിശ്ചയിക്കുകയായിരുന്നു.

അന്ന് 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റും ചേർത്ത് 37 ശതമാനം വർധനയാണുണ്ടായത്. ഇത്തവണ 38 ശതമാനം വർധന വരുമെന്നാണ് സൂചന. അടിസ്ഥാനശമ്പളത്തിന്റെ 1.38 മടങ്ങായിരിക്കും പുതിയ അടിസ്ഥാനശമ്പളം.

നിലവിലെ അടിസ്ഥാനശമ്പളത്തെ 1.38 കൊണ്ട് ഗുണിച്ചാൽ പുതിയ അടിസ്ഥാനശമ്പളം ലഭിക്കും. ഈ ഫോർമുലയ്ക്ക് തത്ത്വത്തിൽ അംഗീകാരമായെന്നാണ്‌ വിവരം. ഇതുപ്രകാരം 31,740 രൂപയായിരിക്കും കുറഞ്ഞ അടിസ്ഥാനശമ്പളം.

ക്ഷാമബത്ത കുടിശ്ശിക നൽകുന്ന കാര്യത്തിലും അനുകൂല നിലപാടുണ്ടാകുമെന്നാണ് വിവരം. എത്രനാളത്തെ കുടിശ്ശിക നൽകുമെന്നതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. ഇത് പിഎഫിൽ ലയിപ്പിക്കാനാണ് സാധ്യത. പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം ‘അഷ്വേർഡ് പെൻഷൻ സ്കീം’ നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പുതിയ പെൻഷൻ പദ്ധതിയുടെ രൂപരേഖയും വിജ്ഞാപനവും ഉടനുണ്ടാകും.

നിശ്ചിത പെൻഷൻ ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ സർക്കാർ വിഹിതമുയരും. 93,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ തനത് നികുതി വരുമാനം. ശന്പളവും പെൻഷനും നൽകാൻ 70,000 കോടിയാണ് ഇപ്പോൾ ചെലവഴിക്കുന്നത്.

ശന്പളപരിഷ്കരണം നടപ്പാക്കുന്നതോടെ ശമ്പളവും പെൻഷനും നൽകാൻ തനത് നികുതി വരുമാനം പൂർണമായി ചെലവഴിക്കേണ്ടിവരും.

ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അനുവദിച്ച ഡിഎയുടെ മുൻകാലപ്രാബല്യം നൽകുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം അനുകൂല സർവീസ് സംഘടനകൾ സെക്രട്ടേറിയറ്റിനു മുന്നിൽ 12, 13 തീയതികളിൽ രാപകൽ സമരം നടത്തുന്നുണ്ട്. ഇതിനുപിന്നാലെ പ്രഖ്യാപനം വരുമെന്നാണ് വിവരം.

X
Top