
സഹാറ ഗ്രൂപ്പിന്റെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ വഴി നടന്ന പണംതട്ടിപ്പിൽ ഇരയായ 35.44 ലക്ഷം പേർക്ക് പണം തിരികെക്കൊടുത്തെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ആകെ 1.41 കോടി നിക്ഷേപകരാണുള്ളത്. ഇവരിൽ അർഹരായ 35.44 ലക്ഷം പേർക്ക് 50,000 രൂപവരെ വിതരണം ചെയ്തു. ആകെ 6,841.86 കോടി രൂപ. 2023ൽ തുടക്കമിട്ട സഹാറ റീഫണ്ട്, റീ-സബ്മിഷൻ പോർട്ടലുകൾ വഴിയായിരുന്നു പണംവിതരണമെന്ന് അമിത് ഷാ പറഞ്ഞു
സഹാറാ ഗ്രൂപ്പ് ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ നിക്ഷേപം നടത്തിയവരിൽ, അർഹതയുള്ളവർക്ക് റീഫണ്ട് അനുവദിക്കാനായി സുപ്രീം കോടതി 2026 ഡിസംബർ 31വരെ സമയം നൽകിയിട്ടുണ്ട്. പോർട്ടലുകൾ വഴി അപേക്ഷിക്കുന്നവരുടെ വിശദാംശങ്ങൾ അധാർ നമ്പർ ഉൾപ്പെടെ വിലയിരുത്തി പരിശോധിച്ചാണ് അർഹരെ കണ്ടെത്തുന്നത്.
ഇടപാടുകാരിൽനിന്ന് വൻതുകകൾ നിക്ഷേപമായി സ്വീകരിച്ച് തിരിമറി നടത്തിയെന്ന കേസിലായിരുന്നു സഹാറയ്ക്കെതിരെ നടപടി. സഹാറ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ലക്നൗ, സഹാറയൻ യൂണിവേഴ്സൽ മൾട്ടിപർപ്പസ് സൊസൈറ്റി ലിമിറ്റഡ് ഭോപാൽ, ഹമറ ഇന്ത്യ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊൽക്കത്ത, സ്റ്റാർസ് മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു നിക്ഷേപത്തട്ടിപ്പ്.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് 2022ൽ സഹാറ കമ്പനികളുടെ ആസ്തികൾ കണ്ടുകെട്ടുകയായിരുന്നു. 25,700 കോടി രൂപ പലിശയടക്കം 62,600 കോടി രൂപ കെട്ടിവയ്ക്കാൻ ഇതിനിടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) സുബ്രത റോയ് പ്രമോട്ടർ ആയിരുന്ന സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് ഈ നിർദേശങ്ങൾ പാലിക്കാൻ സഹാറ ഗ്രൂപ്പിന് കഴിഞ്ഞില്ല. തുടർന്നാണ് 2023ൽ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം ക്ലെയിമുകൾ സമർപ്പിക്കാനുള്ള പോർട്ടലുകൾക്ക് തുടക്കമിട്ടത്. യോഗ്യരായ നിക്ഷേപകർക്ക് (genuine depositors) പണം തിരികെ നൽകാനുള്ള എല്ലാ നടപടികളും എടുക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു.






