ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടി

ശബരിമല വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയ സമിതിയുടെ ശുപാര്‍ശ

ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് സ്റ്റാന്‍ഡേര്‍ഡ് ടേംസ് ഓഫ് റഫറന്‍സ് (ടിഒആര്‍) അനുവദിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള എക്സ്പെര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ (ഇഎസി) ശുപാര്‍ശ.

കഴിഞ്ഞ മാസം ഡെല്‍ഹിയില്‍ വച്ച് നടന്ന യോഗത്തിലാണ് ഇഎസി ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോട്ടയം ജില്ലയിലെ എരുമേലിയില്‍ 3411 കോടി രൂപ ചെലവിട്ട് ശബരിമല വിമാനത്തവളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

പദ്ധതിക്കായി നിലവില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലം സ്റ്റാന്‍റേര്‍ഡ് ടിഒആര്‍ അനുവദിക്കുന്നതിന് ഏറെ അനുയോജ്യമാണെന്ന് ഇഎസി വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടിഒആര്‍ ലഭ്യമാകുന്നതിലൂടെ പദ്ധതിക്കായി പാരിസ്ഥിതിക ആഘാത പഠനം ആസൂത്രണം ചെയ്യുന്നതിനും പദ്ധതിക്ക് ഒരു ഘടനയും മാതൃകയും സൃഷ്ടിക്കുന്നതിനും കേരള സംസ്ഥാന വ്യാവസായ വികസന കോര്‍പ്പറേഷന് (കെഎസ്‌ഐഡിസി) സാധിക്കും.

പദ്ധതിയുടെ പ്രൊജക്റ്റ് പ്രൊപ്പണന്‍റായി കെഎസ്ഐഡിസി പ്രവര്‍ത്തിക്കുന്നു. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന, ഏകദേശം 2570 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

പദ്ധതി പ്രദേശം പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ദുര്‍ബല മേഖലയ്ക്ക്) പുറത്താണെന്ന് കെഎസ്ഐഡിസി തങ്ങളുടെ അവതരണത്തില്‍ ഇഎസിയെ അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തര പരിസ്ഥിതി)യുടെ സാക്ഷ്യപത്രം സമർപ്പിക്കുകയും ചെയ്തു.

സാമൂഹിക ആഘാതം സംബന്ധിച്ച കരട് റിപ്പോര്‍ട്ട് തിരുവന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് തയ്യാറാട്ടിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് നടപടികളെല്ലാം തന്നെ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്.

പദ്ധതിയുടെ പ്രവര്‍ത്തന ഘട്ടത്തില്‍ 600 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ശബരിമല ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്ക് പ്രയോജനപ്രദമാകുന്ന തരത്തിലാണ് പ്രധാനമായും പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ടൂറിസത്തിന്‍റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും വികസനവും വിമാനത്താവളം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു. ഈ വർഷം ഏപ്രിലിലാണ്, ഈ ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതിക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചത്. ‘ആത്മീയ ടൂറിസത്തിന്റെ മഹത്തായ വാര്‍ത്ത’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്.

നിലവില്‍ ട്രെയിനിലോ റോഡ് മാര്‍മോ ദീര്‍ഘദൂര യാത്ര ചെയ്ത് വേണം തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ എത്തിപ്പെടാന്‍. വിമാനത്താവളം വരുന്നതോടെ യാത്രാക്ലേശം ലഘൂകരിക്കപ്പെടും.

വിദൂര സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇതോടെ ശബരിമലയില്‍ എത്തുമെന്നും ഇത് മറ്റുമേഖലകളിലെ ടൂറിസത്തെയും സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വിമാനത്താവള പദ്ധതിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖല ഉള്‍പ്പെടുന്നുണ്ട്.

X
Top