
കൊച്ചി: ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-എരുമേലി ശബരി പാതയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരളം ഈയാഴ്ചതന്നെ റെയിൽവേയ്ക്ക് കത്തുനൽകും.
പദ്ധതി ചെലവ് പങ്കിടുമെന്ന് രേഖാമൂലമുള്ള ഉറപ്പോടെ എസ്റ്റിമേറ്റ് കൈമാറാൻ കഴിഞ്ഞ മാസം സംസ്ഥാനത്തോട് റെയിൽവേ നിർദേശിച്ചിരുന്നു. 3,810 കോടി രൂപയാണ് പദ്ധതി എസ്റ്റിമേറ്റ്. 2019-ൽ മരവിപ്പിച്ച പദ്ധതിക്കായി അപ്രതീക്ഷിതമായി കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 100 കോടി രൂപ അനുവദിച്ചിരുന്നു.
വീണ്ടുമൊരു കേന്ദ്രബജറ്റിന്റെ ഒരുക്കങ്ങൾക്കിടെയാണ് റെയിൽവേ ഇക്കാര്യം ആവശ്യപ്പെട്ടത്.
പദ്ധതിച്ചെലവ് പങ്കിടാൻ കേരളം നേരത്തേ തീരുമാനിച്ചതാണ്. 2021-ലെ സംസ്ഥാന ബജറ്റിൽ 2,000 കോടി രൂപ കിഫ്ബി വഴി നീക്കിവെച്ചിരുന്നു. 25 വർഷമായിട്ടും പണി പൂർത്തിയാകാത്ത പദ്ധതി സാക്ഷാത്കരിക്കാൻ രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ആവശ്യപ്പെട്ടിട്ടിരുന്നു.
എന്നാൽ, സംസ്ഥാനത്തിന് ഉറച്ച വികസന കാഴ്ചപ്പാട് ഇല്ലെന്നും കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ പല നിലപാടുകൾ എടുക്കുന്നുവെന്നുമാണ് റെയിൽവേയുടെ വിമർശം.
വാജ്പേയി സർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച 111 കിലോമീറ്റർ വരുന്ന പദ്ധതിയിൽ 14 സ്റ്റേഷനുകളാണുള്ളത്. ഏഴു കിലോമീറ്റർ ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിലെ റെയിൽ പാലവുമാണ് പൂർത്തിയായത്.
അഭിപ്രായ വ്യത്യാസവും മെല്ലെപ്പോക്കും മൂലം 2019-ൽ പദ്ധതി മരവിപ്പിച്ചു. 20 വർഷമായി ഏറ്റെടുക്കാൻ കല്ലിട്ട സ്ഥലങ്ങളിൽ ജനങ്ങൾ കഷ്ടപ്പാടിലാണ്.






