
കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ കേരളം തുടങ്ങി. ഇതു സംബന്ധിച്ച നിർദേശങ്ങള്‍ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ കളക്ടർമാരോട് ആവശ്യപ്പെട്ടു.
സംസ്ഥാനം സ്ഥലമേറ്റെടുപ്പ് ആരംഭിച്ചാല്‍ പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കുമെന്ന് നേരത്തേതന്നെ റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ശബരി റെയില്‍പ്പാത ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ റെയില്‍വേ പദ്ധതികളെ കുറിച്ച് ചർച്ചചെയ്യാൻ യോഗം ചേരുന്നുണ്ട്.
നിലവില്‍ പദ്ധതിക്ക് അനുകൂലമാണ് എല്ലാ മുന്നണികളും. ചെലവ് പങ്കിടുന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്. നിർമാണത്തിന്റെ പകുതിച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്ന റെയില്‍വേയുടെ ആവശ്യത്തോട് കേരളം പ്രതികരിച്ചിട്ടില്ല.
പദ്ധതി പുനരാരംഭിക്കുന്നതിനെ കുറിച്ച് സംസ്ഥാന റെയില്‍വേ മന്ത്രി വി. അബ്ദുറഹിമാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വിശദമായി ചർച്ച ചെയ്തിരുന്നു. 111 കിലോമീറ്ററുള്ള ശബരിപാതയ്ക്ക് മൂന്നു ജില്ലകളിലായി 303 ഹെക്ടറാണ് വേണ്ടത്.
2008-ല്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങിയതാണ്. അലൈൻമെന്റ് പുനരവലോകനം ചെയ്യണമെന്നും പുനരധിവാസത്തിന് പദ്ധതി വേണമെന്നും യോഗത്തില്‍ നിർദേശം വന്നിട്ടുണ്ട്.