
മുംബൈ: ഇന്ത്യയുടെ നയാര എനര്‍ജി റിഫൈനറിക്ക് മേലുള്ള യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ നീതീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് റഷ്യയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ റോസ്നെഫ്റ്റ്. നിയന്ത്രണങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുമെന്നും യൂറോപ്യന്‍ യൂണിയന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ കമ്പനി പറഞ്ഞു.
റഷ്യയ്‌ക്കെതിരായ നടപടിയുടെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയന്‍ നയാര റിഫൈനറിയേയും ഉപരോധത്തിന് വിധേയമാക്കിയത്.
മുമ്പ് എസ്സാര്‍ ഓയില്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന നയാര എനര്‍ജി ലിമിറ്റഡില്‍ 49.13% ഓഹരി റോസ്നെഫ്റ്റിന് സ്വന്തമാണ്. ഗുജറാത്തിലെ വാഡിനാറില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണശാലയും 6,750-ലധികം പെട്രോള്‍ പമ്പുകളും നയാര പ്രവര്‍ത്തിപ്പിക്കുന്നു.
നയാര എനര്‍ജി ഇന്ത്യയിലെ നിയമപരമായ സ്ഥാപനമാണെന്നും കമ്പനിയ്ക്ക് ഇന്ത്യയിലാണ് നികുതി ചുമത്തുന്നതെന്നും ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കാത്ത കമ്പനി, ലാഭം ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വീണ്ടും നിക്ഷേപിക്കുകയാണെന്നും റോസ്‌നെഫ്റ്റ് പറഞ്ഞു.
അതുകൊണ്ടുതന്നെ കമ്പനിയ്‌ക്കെതിരായ ഉപരോധം ഇന്ത്യയിലെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുന്നതാണ്.
മാത്രമല്ല യൂറോപ്യന്‍ യൂണിയന്റെ നടപടി അന്തര്‍ദ്ദേശീയ നിയമങ്ങളുടെ ലംഘനവും ഒരു മൂന്നാം രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്ന് പ്രസ്താവന പറയുന്നു.