
ന്യൂഡല്‍ഹി: റഷ്യ ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ വില കുറച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നും പിന്തിരിയാനുള്ള യുഎസ് സമ്മര്‍ദ്ദം മുറുകുന്നതിനിടെയാണ് ഇത്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ലോഡ് ചെയ്യുന്ന യൂറല്‍സ് ക്രൂഡിന്റെ വില ബാരലിന് 3 മുതല്‍ 4 ഡോളര്‍ വരെയാണ് കുറയുക.
ഈ ആഴ്ച ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു.ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷ ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും കണ്ടു.
2022 ല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ ശേഷം റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവാണ് ഇന്ത്യ. എന്നാല്‍ ഇതിന്റെ പേരില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും എണ്ണ ഇനത്തില്‍ ലഭിക്കുന്ന തുക റഷ്യ യുദ്ധത്തില്‍ ചെലവഴിക്കുന്നുവെന്നാണ് യുഎസ് ആരോപണം.
അതേസമയം ഓഗസ്റ്റിലെ ഒരു ചെറിയ ഇടവേളയൊഴിച്ചാല്‍ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ തുടരുകയാണ്. കെപ്ലറിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 1 വരെയുള്ള ഇറക്കുമതി 11.4 ദശലക്ഷം ബാരലായി. അമേരിക്കന്‍ ക്രൂഡ് വില റഷ്യയുടേതിനെ അപേക്ഷിച്ച് 3 ശതമാനം പ്രീമിയത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.