
ന്യൂഡല്‍ഹി: റഷ്യയുമായുള്ള വ്യാപാരത്തില്‍ ഏർപ്പെട്ട രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധമേർപ്പെടുത്തുമെന്ന നാറ്റോ മേധാവിയുടെ ഭീഷണി തള്ളി ഇന്ത്യ. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ‘പ്രധാന മുൻഗണന’ എന്ന് ഇന്ത്യ അറിയിച്ചു.
ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഇന്ത്യ നാറ്റോയ്ക്ക് മുന്നറയിപ്പ് നല്‍കി.
റഷ്യയില്‍ നിന്നുള്ള ഊർജ്ജ സംഭരണം ദേശീയ താല്‍പ്പര്യങ്ങളെയും വിപണി സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജ്യം വ്യക്തമാക്കി.
റഷ്യയുമായി വ്യാപാരം തുടരുകയാണെങ്കില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഉപരോധങ്ങള്‍ ഏർപ്പെടുത്തുമെന്നും ഇത് ഈ രാജ്യങ്ങള്‍ കനത്ത തിരിച്ചടിയാകുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ റട്ടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘ഈ വിഷയത്തിലുള്ള റിപ്പോർട്ടുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്, സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഞങ്ങളുടെ ജനങ്ങളുടെ ഊർജ്ജ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ആവർത്തിച്ച് വ്യക്തമാക്കട്ടെ’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ പറഞ്ഞു.
വിപണിയില്‍ എന്താണ് ലഭ്യമായതെന്നും നിലവിലെ ആഗോള സാഹചര്യങ്ങളുമാണ് ഇന്ത്യ ഇക്കാര്യത്തില്‍ നോക്കുന്നത്. ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇരട്ടത്താപ്പിനെതിരെ ഞങ്ങള്‍ പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം ചേർത്തു.
യുക്രൈൻ അധിനിവേശത്തിന്റെ പേരില്‍ പശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങി കൊണ്ടിരിക്കുന്നുണ്ട്.
റഷ്യയുമായുള്ള ഈ രീതിയിലുള്ള വ്യാപര ബന്ധം മൂന്ന് രാജ്യങ്ങളെയും മോശമായി ബാധിച്ചേക്കുമെന്നും കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ നാറ്റോ മേധാവി മാധ്യമങ്ങളോട് പറയുകയുണ്ടായി.
‘ദയവായി വ്ളാദ്മിർ പുതിനെ ഫോണില്‍ വിളിച്ച് സമാധാന ചർച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് പറയുക, അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ തിരിച്ചടിയായി മാറും’ നാറ്റോ മേധാവി പറഞ്ഞു.
യുക്രൈനുമായുള്ള വെടിനിർത്തല്‍ക്കരാർ 50 ദിവസത്തിനകം അംഗീകരിക്കണമെന്ന് റഷ്യക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോ മേധാവിയുടെ ഭീഷണി.
ഇന്ത്യയും ചൈനയും ബ്രസീലും ഉള്‍പ്പെടുന്ന ബ്രിക്സ് കൂട്ടായ്മയെയും ട്രപ് നേരത്തെ വിമർശിച്ചിരുന്നു.