
ന്യൂഡൽഹി: നവംബര് മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില് ഒന്നാമതായി റഷ്യ. ഇന്ത്യയിലേക്കുള്ള പരമ്പരാഗത എണ്ണ വിതരണക്കാരായ ഇറാഖിനേയും സൗദി അറേബ്യയേയും പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തേക്കെത്തിയിരിക്കുന്നത്.
ഈ വര്ഷം മാര്ച്ച് വരെ ഒരു വര്ഷം ഇന്ത്യ ഇറക്കുമതി ചെയ്തുവരുന്ന ക്രൂഡ് ഓയിലിന്റെ 0.2 ശതമാനം മാത്രമാണ് റഷ്യയില് നിന്ന് വരുത്തിയിരുന്നത്.
എന്നാല് നവംബറില് ദിവസവും 9,09,403 ബാരലുകളാണ് ഇന്ത്യ റഷ്യയില് നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയിലേക്ക് എത്തുന്ന എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് വരും.
ആഗോള തലത്തില് എണ്ണ വിതരണത്തിന്റെയും മറ്റു ഊര്ജ വിതരണങ്ങളുടെയും വിവരങ്ങള് ശേഖരിക്കുന്ന വോര്ടെക്സയുടെ കണക്കുപ്രകാരം നവംബറില് ഇറാഖില് നിന്ന് ഇന്ത്യ പ്രതിദിനം 8,61,461 ബാരലുകളാണ് ഇറക്കുമതി ചെയ്തത്.
സൗദിയില് നിന്ന് 5,70,922 ബാരലുകളും ഇറക്കുമതി ചെയ്തു. അമേരിക്കയാണ് നിലവില് ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ എണ്ണ വിതരണക്കാര്. 4,05,525 ബാരലുകളാണ് ഇന്ത്യ അവിടെനിന്ന് നവംബറില് പ്രതിദിനം വാങ്ങിയിട്ടുള്ളത്.
അതേ സമയം നവംബറില് റഷ്യയില് നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒക്ടോബറില് വാങ്ങിയ അളവിനേക്കാള് കുറവാണ്. യുക്രൈന് അധിനിവേശത്തെ തുടര്ന്ന് പാശ്ചാത്യ രാജ്യങ്ങള് ബഹിഷ്കരണം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കുറഞ്ഞ വിലക്ക് നല്കാമെന്ന ഓഫറില് ഇന്ത്യ റഷ്യയില് നിന്ന് എണ്ണ വാങ്ങി കൊണ്ടിരിക്കുന്നത്.
2021 ഡിസംബറില് ഇന്ത്യ ഇറാഖില് നിന്ന് 1.05 മില്യണ് ബാരലുകള് പ്രതിദിനം വാങ്ങിയിരുന്നുവെന്നും വോര്ടെക്സ പറയുന്നു. ഈ ഘട്ടത്തില് സൗദിയില് നിന്ന് 9,95,625 ബാരലുകള് വാങ്ങിയിരുന്നപ്പോള് റഷ്യയില് നിന്ന് 36,255 ബാരലുകള് മാത്രമാണ് വാങ്ങിയിരുന്നത് പ്രതിദിനം.
തുടര്ന്നുള്ള രണ്ട് മാസങ്ങളില് റഷ്യയില് നിന്ന് ഇറക്കുമതി ഒന്നും ഉണ്ടായില്ല, എന്നാല് ഫെബ്രുവരി അവസാനത്തില് യുക്രൈന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മാര്ച്ചില് അവ പുനരാരംഭിച്ചു. മാര്ച്ചില് 68,600 ബാരല് പ്രതിദിനം വാങ്ങി.
അടുത്ത മാസത്തില് ഇത് 2,66,617 ആയി ഉയര്ന്നപ്പോള് ജൂണില് 9,42,694 പ്രതിദിന ബാരാലായി ഉയര്ന്നു. എന്നാല് ജൂണിലും ഇറാഖ് തന്നെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാര്. 1.04 മില്യണ് ബാരലുകളാണ് ജൂണില് ഇറാഖില് നിന്ന് വാങ്ങിയിട്ടുള്ളത്. റഷ്യ രണ്ടാമാതായിരുന്നു അപ്പോള്.
തുടര്ന്നുള്ള രണ്ട് മാസങ്ങളില് ഇറക്കുമതിയില് നേരിയ കുറവുണ്ടായി. വോര്ടെക്സയുടെ കണക്കനുസരിച്ച്, സെപ്റ്റംബറില് 8,76,396 ബാരലും ഒക്ടോബറില് 9,35,556 ബാരലുമായിരുന്നു റഷ്യന് ഇറക്കുമതി.