
മോസ്‌ക്കോ: ഇന്ത്യയ്ക്ക് കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) വാഗ്ദാനം ചെയ്തിരിക്കയാണ് റഷ്യ. റഷ്യന്‍ ഊര്‍ജ്ജമന്ത്രി സെര്‍ജി സിവിലിയോവാണ് ഇന്ത്യയ്ക്ക് എല്‍എന്‍ജി നല്‍കുമെന്നറിയിച്ചത്. ഊര്‍ജ്ജ മേഖലയിലെ ഒരു പ്രധാന പങ്കാളിയായി ഇന്ത്യയെ കാണുന്നുവെന്നും രാജ്യത്തിന്റെ പ്രകൃതി വാതക ആവശ്യകതയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും സിവിലിയോവ് പറഞ്ഞു.
ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാന്‍ തയ്യാറെടുക്കുന്ന സമയത്താണ് ഓഫര്‍. റഷ്യന്‍ എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ്് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. തീരുവ നീക്കാനായി റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തണമെന്ന് യുഎസ് ആവശ്യപ്പെടുന്നു. മാത്രമല്ല, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുകയും ചെയ്തു.
കല്‍ക്കരി, പെട്രോളിയം അധിഷ്ഠിത ഇന്ധനങ്ങള്‍ തുടങ്ങിയ മറ്റ് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത് റഷ്യ തുടരുന്നു. ക്രൂഡ് ഓയില്‍ വ്യാപാരം പുതിയ വെല്ലുവിളികള്‍ നേരിടുമ്പോഴും, ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി കയറ്റുമതി വികസിപ്പിക്കുന്നതില്‍ തങ്ങള്‍ ഗണ്യമായ സാധ്യതകള്‍ കാണുന്നുവെന്ന് റഷ്യന്‍ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് പറഞ്ഞു.
നിലവിലുള്ള ഉല്‍പാദന സൗകര്യങ്ങളില്‍ നിന്നും നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ നിന്നും എല്‍എന്‍ജി നല്‍കാന്‍ റഷ്യ തയ്യാറാണ്. മൊത്തത്തിലുള്ള ഊര്‍ജ്ജ മിശ്രിതത്തില്‍ പ്രകൃതിവാതകത്തിന്റെ വിഹിതം 15 ശതമാനമായി ഉയര്‍ത്താന്‍ രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ നിലവില്‍ ഏകദേശം 6 ശതമാനമാണ്.






