
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് റഷ്യ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. റഷ്യയ്ക്കെതിരായ യൂറോപ്യൻ യൂണിയന്റെ ഉപരോധങ്ങളും യുഎസ്സിന്റെ തീരുവകളും റഷ്യൻ ക്രൂഡോയിലിന് ഡിമാൻഡ് കുറയ്ക്കുമെന്ന് കണ്ടാണ് റഷ്യ ഇന്ത്യയ്ക്ക് വികുറച്ച് വില്‍ക്കാൻ സന്നദ്ധമാകുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ ലിമിറ്റഡിനെ (kplr Ltd) ഉദ്ധരിച്ച് എൻഡിടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
യുറാല്‍സിന്റെ (ഒപെക് പ്ലസ് ഉത്പാദകർ ഉത്പാദിപ്പിക്കുന്ന എണ്ണ) വിലയേക്കാള്‍ റഷ്യയുടെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് അഞ്ച് ഡോളർ കുറവാണെന്നാണ് കെപ്ലർ പറയുന്നത്. അമേരിക്കയുമായുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
റഷ്യയില്‍ നിന്നുള്ള ക്രൂഡോയിലിന് പകരം മറ്റ് മാർഗങ്ങള്‍ തേടുകയെന്നത് ചെലവേറിയതാണെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ കമ്ബനികള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ചിട്ടുമുണ്ട്.
അതേസമയം യുഎസില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. മേയ് മാസം മുതല്‍ പ്രതിദിനം 2,25,000 ബാരല്‍ ആയി ഉയർന്നതായാണ് കെപ്ലർ റിപ്പോർട്ട് ചെയ്യുന്നത്. 2025 തുടക്കത്തിലുള്ളതിനേക്കാള്‍ ഇരട്ടിയാണ് ഇതെന്നും റിപ്പോർട്ടില്‍ പറയുന്നു.
യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യയുമായുള്ള സാമ്ബത്തിക ബന്ധം വിച്ഛേദിക്കാൻ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മർദ്ദം ശക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഇന്ത്യയ്ക്ക് 50 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കം നിലനില്‍ക്കുന്നുണ്ട്.