ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യയ്ക്കുള്ള എണ്ണ ഡിസ്കൗണ്ട് ഇരട്ടിയാക്കി റഷ്യ

ന്യൂഡൽഹി: ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് നൽകുന്ന ഡിസ്കൗണ്ട് ഇരട്ടിയാക്കി റഷ്യ. ജൂലൈ-ഓഗസ്റ്റ് കാലയളവിൽ ബാരലിന് വിപണി വിലയേക്കാൾ ഒരു ഡോളർ‌ ഡിസ്കൗണ്ടായിരുന്നു ഇന്ത്യൻ കമ്പനികൾക്ക് റഷ്യ നൽകിയിരുന്നത്.

നവംബറിലേക്കുള്ള ഇറക്കുമതിക്ക് ഇതു 2 മുതൽ 2.50 ഡോളർ വരെയായി ഉയർത്തിയെന്ന് ഒരു വിദേശ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് ഓരോ ഡോളർ കുറയുമ്പോഴും ഇറക്കുമതിച്ചെലവിൽ ശതകോടികൾ ലാഭിക്കാൻ ഇന്ത്യയ്ക്കു കഴിയും.

അതുകൊണ്ടുതന്നെ, ഇന്ത്യൻ കമ്പനികൾ നവംബറിലും വൻതോതിൽ റഷ്യൻ എണ്ണ വാങ്ങിക്കൂട്ടിയേക്കും. ഈ മാസം പ്രതിദിനം 17 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ ഇന്ത്യൻ കമ്പനികൾ വാങ്ങുന്നുണ്ടെന്ന് ഈ രംഗത്തെ നിരീക്ഷണസ്ഥാപനമായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റിനേക്കാൾ 6% അധികമാണിത്. നവംബറിൽ ഇറക്കുമതി ഇതിലും കൂടാം.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയെന്നോണം 25% അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കുമേൽ യുഎസ് ഇപ്പോൾ ചുമത്തുന്ന മൊത്തം തീരുവ 50 ശതമാനമാണ്. തീരുവഭാരം കുറയ്ക്കാനും യുഎസുമായുള്ള വ്യാപാരക്കരാർ അനുകൂലമാക്കി മാറ്റാനുമായി വൻതോതിൽ അമേരിക്കൻ എണ്ണ വാങ്ങാനുള്ള നീക്കങ്ങൾ ഇന്ത്യൻ കമ്പനികൾ നടത്തുന്നുണ്ട്.

പരമ്പരാഗത എണ്ണ സ്രോതസ്സുകളായ ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉയർത്താനും ഇന്ത്യൻ കമ്പനികൾ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലുമാണ്, ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവായ ഇന്ത്യയെ ഒപ്പംനിലനിർത്താനായി റഷ്യൻ കമ്പനികൾ ഡിസ്കൗണ്ട് കൂട്ടിയത്.

ചൈനയാണ് ഇപ്പോഴും ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്നതെങ്കിലും ഇന്ത്യയ്ക്കു മാത്രമേ ട്രംപ് പിഴച്ചുങ്കം പ്രഖ്യാപിച്ചിട്ടുള്ളൂ. യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാർ ചർച്ചകൾ ഇപ്പോഴും സമവായമാകാതെ നീളുന്ന പശ്ചാത്തലത്തിലുമാണ് ഇന്ത്യയ്ക്കുള്ള ഡിസ്കൗണ്ട് റഷ്യ കൂട്ടിയത്.

X
Top