
ന്യൂഡല്‍ഹി: ഡോളറിന്റെ ശക്തിപ്പെടല്‍ കാരണം തുടര്‍ച്ചയായി ദുര്‍ബലമാവുകയാണ് രൂപ. 82.33 ന്റെ റെക്കോര്‍ഡ് ഇടിവാണ് ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. മുന്‍ ക്ലോസിംഗില്‍ നിന്നും 0.54 ശതമാനം കുറവാണ് ഇത്.
എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടവും രൂപയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ അഞ്ച് സെഷനുകളില്‍ 7 ശതമാനം ഉയര്‍ന്ന് ബാരലിന് 95 ഡോളറിലാണ് ബ്രെന്റ് സൂചികയുള്ളത്. എണ്ണവില ഉയരുന്ന പക്ഷം രൂപ വീണ്ടും ദുര്‍ബലമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
10 വര്‍ഷ ബോണ്ട് യീല്‍ഡ് ഏഴ് സെഷനുകളില്‍ 20 ബേസിസ് പോയിന്റ് ഉയര്‍ന്ന് 7.455% ക്ലോസ് ചെയ്തു. പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.0.36 ശതമാനം ഉയര്‍ന്ന് 112.12 നിരക്കിലായിട്ടുണ്ട്.
ഡോളറിന്റെ ശക്തിപ്പെടല്‍, എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം എന്നിവയോടൊപ്പം ലോകബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.5 ശതമാനമായി കുറച്ചതും രൂപയെ തകര്‍ച്ചിയിലേയ്ക്ക് നയിച്ചു.