
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 83 നിരക്കിന് താഴെ എത്തിയിരിക്കയാണ് രൂപ. ഡോളര്‍ ശക്തിപ്പെട്ടതാണ് ഇന്ത്യന്‍ കറന്‍സിയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുന്നത്. രാവിലത്തെ ട്രേഡില്‍ രൂപ 83.01 ലേയ്ക്ക് വീഴുകയായിരുന്നു.
പിന്നീട് നിലമെച്ചപ്പെടുത്തി 82.99 ല്‍ ക്ലോസ് ചെയ്തു. മുന്‍ ക്ലോസിംഗില്‍ നിന്നും 0.76 ശതമാനം കുറവാണ് ഇത്.
10 വര്‍ഷ ബോണ്ട് യീല്‍ഡ് 3 ബേസിസ് പോയിന്റ് ഉയര്‍ന്ന് 7.483 ശതമാനത്തിലാണുള്ളത്. ജര്‍മ്മന്‍ ബോണ്ട് 7 ബേസിസ് പോയിന്റും യു.എസ് ട്രഷറി യീല്‍ഡ് 5 ബേസിസ് പോയിന്റും വര്‍ധിച്ചിട്ടുണ്ട്. ഡോളറിന്റെ ശക്തിപ്പെടല്‍ മറ്റ് കറന്‍സികളേയും പ്രതികൂലമായി ബാധിച്ചു.
ബ്രിട്ടീഷ് പൗണ്ട് 0.6 ശതമാനം താഴ്ന്ന് 1,1247 ലും ജപ്പാനീസ് യെന്‍ 149.48 കുറവില്‍ 150 ലെവലിലുമെത്തി. 1990 ത്തിനുശേഷമുള്ള കുറഞ്ഞ നിരക്കാണ് യെന്നിന്റേത്. അതേസമയം ഡോളര്‍ സൂചിക 0.3 ശതമാനം മെച്ചപ്പെട്ടു.
യുകെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതിലായതും രാജ്യം മാന്ദ്യത്തിലകപ്പെടുമെന്ന ഭീതിയും കൂടാതെ ആഭ്യന്തര പണപ്പെരുപ്പവും കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാനിരിക്കുന്നതും എല്ലാം രൂപയ്ക്ക് പ്രതികൂലമായി ഭവിച്ചു.
യു.കെയില്‍ സെപ്തംബര്‍ മാസ പണപ്പെരുപ്പം 10.1 ശതമാനമായാണ് ഉയര്‍ന്നത്.40 വര്‍ഷത്തെ കൂടിയ നിരക്കാണിത്.






