നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

രൂപയുടെ വിലയിടിയുന്നത് കേരളത്തിന് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രൂപയുടെ വിലയിടിയുന്നത് പ്രവാസികള്‍ ഏറെയുള്ള കേരളത്തിന് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികവിദഗ്ധരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡോളറിനും പശ്ചിമേഷ്യന്‍ കറന്‍സികള്‍ക്കുമെതിരെ രൂപയുടെ വിലയിടിയുന്നത് കൂടുതല്‍ പ്രവാസികളുള്ള കേരളത്തിന് നേട്ടമാകും.
രൂപയുടെ വിലയിടിയുന്നതോടെ പണമയയ്ക്കല്‍ വര്‍ദ്ധിപ്പിക്കുമെന്നും അത് നിക്ഷേപങ്ങളുയര്‍ത്തുമെന്നും വിദഗ്ധര്‍ പറഞ്ഞു. സര്‍ക്കാരിനെ അറിയിക്കാതെ 10 ലക്ഷം രൂപ വരെ ഇന്ത്യയിലേയ്ക്ക് അയയ്ക്കാന്‍ പ്രവാസി കളെ അനുവദിച്ചുകൊണ്ടുള്ള സമീപകാല വിജ്ഞാപനവും ഗുണം ചെയ്യും. പണമയക്കലില്‍ ഇതിനോടകം തന്നെ ചെറിയ വര്‍ധവുണ്ടായിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ അവധിക്കാലവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് പണമയക്കല്‍ വര്‍ധിപ്പിച്ചതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് സാക്ഷ്യപ്പെടുത്തുന്നു. ജൂലൈ 14ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.84 നിരക്കിലാണുള്ളത്.
‘നിലവിലുള്ള സാഹചര്യത്തില്‍, ഈ പ്രവണത കുറച്ചുകാലം കൂടി തുടര്‍ന്നേക്കാം. രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളും നിക്ഷേപകരും മൂല്യം 80 ലെത്താന്‍ കാത്തിരിക്കയാണ്. അതിനുശേഷം അവര്‍ കൂടുതല്‍ പണം കേരളത്തിലേയ്ക്ക് അയക്കും,” എക്‌സിക്യൂട്ടീവ് പറഞ്ഞു.
യുഎസിലെയും യൂറോപ്പിലെയും പ്രവാസി മലയാളികളും സാഹചര്യം മുതലെടുക്കുകയാണ്. “യു.എസ്, യൂറോപ്യന്‍ മലയാളികള്‍ സാധാരണയായി പണം അയയ്ക്കാറില്ല. എന്നാല്‍ മൂല്യം കുറഞ്ഞതിനെ തുടര്‍ന്ന് ഇപ്പോള്‍, പണം അയക്കാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇന്ത്യയിലേക്ക് അയക്കാനുള്ള പണത്തിന് തുല്യമായ സ്വര്‍ണം പണയം വെക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്,” മുത്തൂറ്റ് ഫിനാന്‍സിലെ മണി ട്രാന്‍സ്ഫര്‍ വിഭാഗം മേധാവി ബിജിമോന്‍ പറഞ്ഞു.
രൂപയുടെ മൂല്യം പുതിയ താഴ്ചയിലെത്തുന്നതോടെ പണമയക്കല്‍ തോത് ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അയക്കുന്ന പണം ബാങ്കുകളില്‍ സൂക്ഷിക്കുന്നതിനുപകരം കൂടുതല്‍ ചെലവഴിക്കുന്നതിനാല്‍ എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാണ്. അതേസമയം ബാങ്ക് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയര്‍ത്തുന്ന മുറയ്ക്ക് ഈ പ്രവണതയില്‍ മാറ്റം വരാം.
പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഏകദേശം 1.5 ദശലക്ഷം പ്രവാസികള്‍ സംസ്ഥാനത്ത് തിരിച്ചെത്തിയതായി കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നു. ലോകബാങ്ക് കണക്കുകള്‍ പ്രകാരം 2020ല്‍ ഇന്ത്യയിലേക്കുള്ള പണമയയ്ക്കല്‍ 83 ബില്യണ്‍ ഡോളറില്‍ നിന്ന് 87 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. എന്നാല്‍ അതിനനുസരിച്ച് കേരളത്തിലേയ്ക്കുളള പണമയക്കല്‍ മെച്ചപ്പെട്ടില്ല.
കോവിഡ് 19 കാരണമുണ്ടായ വ്യാപകമായ തൊഴില്‍ നഷ്ടവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ മടങ്ങിവരവുമാണ് കാരണം. എന്നാല്‍ അതിന് മുന്‍പ് ഇന്ത്യയിലേക്ക് അയക്കുന്ന മൊത്തം വിദേശ പണത്തിന്റെ 19 ശതമാനവും കേരളത്തിലേയ്ക്കായിരുന്നു. 3.4 ദശലക്ഷം മലയാളികളാണ് വിദേശത്ത് ജോലി ചെയ്യുന്നത്.
ഇതില്‍ 90 ശതമാനവും ഗള്‍ഫിലാണുള്ളത്. 2022ല്‍ ഇന്ത്യയിലേക്കെത്തുന്ന വിദേശ പണം 3 ശതമാനം വര്‍ധിച്ച് 89.6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ലോകബാങ്ക് പ്രവചിക്കുന്നത്. മൊത്തം കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ തോത് കുറവായതിനാല്‍ ഇത് മന്ദഗതിയിലുള്ള വളര്‍ച്ചയാണ്.

X
Top