
ഫാര്‍മ കമ്പനിയായ റൂബികോണ്‍ റിസര്‍ച്ച് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഒക്‌ടോബര്‍ 9ന് തുടങ്ങും. ഒക്‌ടോബര്‍ 13 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 461-485 രൂപയാണ് ഇഷ്യു വില. 30 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഒക്‌ടോബര്‍ 16ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. 1377.5 കോടി രൂപയാണ് റൂബികോണ്‍ റിസര്‍ച്ച് ഐപിഒ വഴി സമാഹരിക്കുന്നത്. 500 കോടി രൂപയുടെ പുതിയ ഓഹരികളും 877.5 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ് ഓഹരികള്‍ വില്‍ക്കുന്നത്.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 310 കോടി രൂപ കടം തിരിച്ചടക്കുന്നതിനും ബാക്കി തുക ഏറ്റെടുക്കലുകള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. 69.4 ശതമാനം വളര്‍ച്ചയോടെ 43.3 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി കൈവരിച്ച ലാഭം. ഇത് മുന്‍വര്‍ഷം 25.6 കോടി രൂപയായിരുന്നു.
വരുമാനം 316.7 കോടി രൂപയില്‍ നിന്നും 352.5 കോടി രൂപയായി ഉയര്‍ന്നു. 11.3 ശതമാനം വളര്‍ച്ചയാണ് വരുമാനത്തിലുണ്ടായത്.