
കോട്ടയം: റബർവില ഇടിവിൽ കർഷകർ നട്ടംതിരിയുമ്പോഴും അനിയന്ത്രിതമായി വിലകൂട്ടി ലാഭംകൊയ്യുകയാണ് ടയർ കമ്പനികൾ.
12 വർഷംമുമ്പ് റബറിന് റെക്കാഡ് വിലയുണ്ടായിരുന്ന സമയത്തേക്കാൾ 70 ശതമാനം വരെ അധികവിലയാണ് ഇപ്പോൾ ടയറുകൾക്ക്. റബർവില നിലംപൊത്തിയിട്ടും ടയറുകൾക്ക് എട്ട് ശതമാനം വരെ വില ഉയർന്നു.
ഒരു മാനദണ്ഡവുമില്ലാതെ ടയർ കമ്പനികൾ സംഘടിതമായി വിലകൂട്ടുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. കൊവിഡിന് ശേഷം മാത്രം ഏഴുതവണ ടയർവില ഉയർന്നു.
സംഘടിതമായി വിലകൂട്ടാൻ ശ്രമിച്ച കമ്പനികൾക്ക് വൻതുക പിഴയീടാക്കിയിരുന്നെങ്കിലും അസംസ്കൃതവസ്തുക്കളുടെ പേരുപറഞ്ഞാണ് ഇപ്പോഴത്തെ വിലവർദ്ധിപ്പിക്കൽ.
2011ൽ റബർവില കിലോയ്ക്ക് 248 രൂപ. ഇന്ന് 138 രൂപ. അന്ന് 1,500 രൂപയുണ്ടായിരുന്ന ബൈക്കിന്റെ ടയറിന് ഇന്ന് വല 2,500 രൂപ.
800 രൂപയുണ്ടായിരുന്ന സ്കൂട്ടർ ടയർവില 1,500 രൂപയായി. ഇന്നോവ പോലുള്ള വാഹനങ്ങളുടെ ടയറിന് 3,000 രൂപ വർദ്ധിച്ചപ്പോൾ 14,000 രൂപയുണ്ടായിരുന്ന ഹെവി വാഹനങ്ങളുടെ ടയറിന് 20,000 രൂപയ്ക്ക് മുകളിലാണിപ്പോൾ വില.
പുറമേ 28 ശതമാനം നികുതിയും ഒരുരൂപ പ്രളയ സെസും നൽകണം.