കോട്ടയം: ചരക്കിന്റെ ലഭ്യതക്കുറവും മികച്ച അന്താരാഷ്ട്ര സാഹചര്യവും ഉണ്ടെങ്കിലും റബ്ബറിൽ വൻ വിലയിടിവ്. ഒന്നര ആഴ്ചയ്ക്കിടെ അഞ്ച് രൂപയോളമാണ് ആർ.എസ്.എസ്. നാല് ഗ്രേഡ് ഷീറ്റിന് കുറഞ്ഞത്. ആർ.എസ്.എസ്. നാലിന് പോയ വാരം 179 രൂപയായിരുന്നത് ഇടിഞ്ഞ് ശനിയാഴ്ച 174 രൂപ വരെയായി.
ടയർകമ്പനികൾ അന്താരാഷ്ട്രവില കൂടിനിന്നപ്പോഴും ഇറക്കുമതി നടത്തി ചരക്ക് ശേഖരം വർധിപ്പിച്ചതിനാൽ ആഭ്യന്തര വിപണിയിൽനിന്ന് വലിയ ആവേശത്തിൽ വാങ്ങുന്നില്ല.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആർ.എസ്.എസ്. നാലിന്റെ വില 190 എത്തിയപ്പോഴും തദ്ദേശീയമായി വേണ്ടത്ര ചരക്ക് കിട്ടാനില്ലായിരുന്നു. ഉള്ള ഷീറ്റ് വിൽക്കാതെ കൃഷിക്കാരും വ്യാപാരികളും പിടിച്ചുവെക്കുകയുംചെയ്തു. ദൗർലഭ്യം കണക്കിലെടുത്ത് ഇറക്കുമതി ഒാർഡർ മുടക്കിയില്ലെന്ന് ടയർകമ്പനികൾ പറയുന്നു.
പ്ലാന്റ് അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാൻ ഇറക്കുമതിക്ക് പ്രേരിതരാവുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില കൂടിനിന്നത് മൂലമുള്ള നഷ്ടം പരിഗണിച്ചില്ലെന്നും അവർ പറയുന്നു.
വേനൽമഴ കാര്യമായി കിട്ടിത്തുടങ്ങിയതോടെ കർഷകർ ടാപ്പിങ് ആരംഭിച്ചിട്ടുണ്ട്. പരിമിതമായ തോതിൽ റബ്ബർ വിപണിയിലേക്ക് വരുന്നു. പക്ഷേ, കാര്യമായി പിടിച്ചുവെക്കാതെ അവർ വിറ്റൊഴിയാൻ ശ്രമിക്കുന്നു. ഇതും വിലക്കുറവിന് കാരണമായി.
തദ്ദേശീയവില 200 കടത്തുകയെന്ന ലക്ഷ്യത്തോടെ റബ്ബർബോർഡ് കയറ്റുമതിക്കാർക്ക് സഹായം പ്രഖ്യാപിച്ചെങ്കിലും കയറ്റുമതി കാര്യമായി നടന്നിട്ടില്ല. ഇതും വിപണിക്ക് തിരിച്ചടിയായി.