
. പെട്രോളിയം അധിഷ്ഠിത റെസിനുകൾ ഭാഗികമായോ പൂർണമായോ ഒഴിവാക്കാൻ കഴിയുന്ന രീതിയിലാണ് രൂപകല്പന
കോട്ടയം: റബർ പാൽ ഉപയോഗിച്ച് പെയിന്റ് നിർമിക്കുന്ന പുതിയ സാങ്കേതികവിദ്യ റബർ ബോർഡ് വികസിപ്പിച്ചു. റബർ ഗവേഷണ കേന്ദ്രത്തിലെ റബർ പ്രോഡക്ട്സ് ഇൻക്യുബേഷൻ സെന്റർ രൂപകല്പന ചെയ്ത ഈ സാങ്കേതികവിദ്യ കേരള പെയിന്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. സാങ്കേതികവിദ്യ കൈമാറ്റ ചടങ്ങ് മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിദത്ത റബറിൽ നിന്നുള്ള പരിസ്ഥിതി സൗഹൃദ പെയിന്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ കൈമാറ്റം ചരിത്രപരമായ നേട്ടമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. റബർ മേഖലയിലെ ഗവേഷണ ഫലങ്ങൾ വ്യവസായ ഉപയോഗത്തിലേക്ക് കൊണ്ടുവരുന്ന നടപടികളുടെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
റബർ പാൽ അടിസ്ഥാനമാക്കിയുള്ള ഈ പെയിന്റ് കുറഞ്ഞ വൊളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകൾ പുറന്തള്ളുന്നതായതിനാൽ ആരോഗ്യത്തിനും പരിസ്ഥിതിക്കും കൂടുതൽ സുരക്ഷിതമാണെന്ന് റബർ ബോർഡ് അധികൃതർ അറിയിച്ചു. പരമ്പരാഗതമായി പെയിന്റ് നിർമാണത്തിൽ ഉപയോഗിക്കുന്ന പെട്രോളിയം അധിഷ്ഠിത റെസിനുകൾ ഭാഗികമായോ പൂർണമായോ ഒഴിവാക്കാൻ കഴിയുന്ന രീതിയിലാണ് ഈ സാങ്കേതികവിദ്യ രൂപകല്പന ചെയ്തിരിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇമൾഷൻ പെയിന്റ്, ഇന്റീരിയർ– എക്സ്ടീരിയർ കോട്ടിംഗ്, പ്രൈമർ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബ്യൂറോയുടെ മാനദണ്ഡങ്ങൾ പാലിച്ചുള്ള ലാബ് പരിശോധനകളും മറ്റ് പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷമാണ് സാങ്കേതികവിദ്യ വ്യവസായ പങ്കാളിക്ക് കൈമാറിയത്.
ഉഷ്ണ മേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ വികസിപ്പിച്ച ഈ പെയിന്റ് ഉയർന്ന ഈർപ്പമുള്ള പ്രദേശങ്ങളിലും നല്ല പ്രകടനം കാഴ്ചവെക്കുന്നുവെന്ന് പരീക്ഷണ ഫലങ്ങൾ വ്യക്തമാക്കുന്നു. പെയിന്റിന് ഭിത്തിയിലോ മറ്റ് ഉപരിതലങ്ങളിലോ ഉറച്ച് പിടിച്ചു നിൽക്കുന്നതിനുളള കഴിവ്, ഡ്യൂറബിലിറ്റി, കളർ സ്റ്റബിലിറ്റി എന്നിവ മെച്ചപ്പെടുത്തുന്ന ഫോർമുലേഷനുകളാണ് ഗവേഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്. ലാബ് തല പരീക്ഷണങ്ങളിൽ പെയിന്റിന് ഫംഗസ് പ്രതിരോധ ശേഷിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന പെയിന്റ് റോ മെറ്റീരിയലുകൾക്ക് പകരമായി ആഭ്യന്തരമായി ലഭ്യമായ പ്രകൃതിദത്ത റബർ ഉപയോഗിക്കുന്നത് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഉത്പാദന ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ റബർ കർഷകർക്ക് സ്ഥിരമായ അധിക ആവശ്യവും മികച്ച വില ലഭിക്കുന്നതിനും സാധ്യത ഉണ്ടാകുമെന്ന് റബർ ബോർഡ് ചൂണ്ടിക്കാണിക്കുന്നു.
റബർ ഗവേഷണ കേന്ദ്രത്തിലെ റബർ പ്രോഡക്ട്സ് ഇൻക്യുബേഷൻ സെന്റർ മുഖേന വാണിജ്യ ഉത്പന്നങ്ങളുടെ വികസനത്തിനും നിർമാണത്തിനും ആവശ്യമായ സാങ്കേതിക സഹായം, പരീക്ഷണ സൗകര്യങ്ങൾ, പൈലറ്റ്-സ്കെയിൽ ഉത്പാദന പിന്തുണ എന്നിവ റബർ ബോർഡ് നൽകി വരുന്നതായി ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം വസന്തഗേശൻ അറിയിച്ചു. ഈ സാങ്കേതികവിദ്യയുടെ വ്യാപാരവത്കരണത്തിനായി കേരള പെയിന്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും അറിയിച്ചു. ഈ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങൾക്ക് കെ വി ദയാൽ, ഡോ. ദേബബ്രത റായ്, ഡോ. ഷേറ മാത്യു, മിഥുൻ പി പുല്ലുമേട്ടേൽ എന്നിവർ നേതൃത്വം നൽകുന്നുണ്ടെന്നും, റബർ ബോർഡിന്റെ വാല്യൂ അഡീഷൻ പദ്ധതികളുടെ ഭാഗമായി ഇത്തരത്തിലുള്ള കൂടുതൽ ഗവേഷണ–വ്യവസായ പങ്കാളിത്തങ്ങൾ ഭാവിയിൽ ലക്ഷ്യമിടുന്നതായും അധികൃതർ അറിയിച്ചു.






