
കേന്ദ്രസര്‍ക്കാരിന് എതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ച ക്ലീന്‍ പമ്പ പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ 30 കോടി രൂപ. ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിഹിതവും വര്‍ധിപ്പിച്ചു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണ് പമ്പ. ലോകപ്രശസ്തമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതും പമ്പയുടെ തീരത്താണ്. പമ്പ നദി മാലിന്യ മുക്തമാക്കാന്‍ ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തുന്നു – ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പരിപാവനമായ പമ്പാ നദി മലിനമായാണ് ഒഴുകുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നും കഴിഞ്ഞയിടെയാണ് ജി സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചത്. അവിടെ വിമാനം ഇറക്കുമെന്നും തീവണ്ടി ഇറക്കുമെന്നും പറഞ്ഞു.
എവിടെ തീവണ്ടിയും വിമാനവുമൊക്കെ? വടക്കേ ഇന്ത്യയിലെ നദികളൊക്കെ ശുദ്ധിയാക്കി. പരിപാവനമായ പമ്പാ നദിയിലൂടെ വിസര്‍ജ്യമല്ലേ ഒഴുകുന്നത്… അതില്‍ മുങ്ങിയല്ലേ അയ്യപ്പന്‍മാര്‍ പോകുന്നത്? പത്തര വര്‍ഷം ആയല്ലോ കേന്ദ്ര ഭരിച്ചിട്ട്, എന്ത് ചെയ്തു? ഇവര്‍ ശ്രമം നടത്തുന്നുണ്ടെങ്കില്‍ നമ്മള്‍ സഹകരിച്ചേക്കാം -അദ്ദേഹം വ്യക്തമാക്കി.






