
ന്യൂഡല്‍ഹി: അടുത്ത രണ്ടുവർഷത്തിനുള്ളില്‍ 3.5 കോടി തൊഴിലവസരം സൃഷ്ടിക്കാനായി 1.07 ലക്ഷം കോടി രൂപയുടെ തൊഴില്‍ബന്ധിത പ്രോത്സാഹന പദ്ധതിക്ക് (എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസന്റീവ് സ്കീം) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
ഇപിഎഫ്‌ഒയുടെ സാമൂഹിക സുരക്ഷാപദ്ധതിപ്രകാരമാണിത് നടപ്പാക്കുകയെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പദ്ധതിപ്രകാരം ഇപിഎഫ്‌ഒയില്‍ രജിസ്റ്റർചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ അർഹരായ യുവാക്കള്‍ക്ക് ജോലിനല്‍കണം. ആദ്യമായി ജോലിചെയ്യുന്നവർക്ക് ഒരുമാസത്തെ വേതനം (15,000 രൂപവരെ) രണ്ടുഗഡുക്കളായി ലഭിക്കും.
ഒരു തൊഴിലാളിക്ക് 3000 രൂപവീതം തൊഴിലുടമകള്‍ക്ക് (സ്ഥാപനങ്ങള്‍ക്ക്) സർക്കാർ സഹായം നല്‍കും. നിർമാണമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മുൻഗണനനല്‍കും. ഒരുലക്ഷം രൂപവരെ ശമ്ബളമുള്ള ജീവനക്കാരുടെ കാര്യത്തിലാണ് സർക്കാർ സഹായം.
രണ്ടുവർഷത്തേക്കാണിത്. എന്നാല്‍, നിർമാണമേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം രണ്ടുവർഷംകൂടി നീട്ടുമെന്ന് മന്ത്രി അറിയിച്ചു.
ഇപിഎഫ്‌ഒയില്‍ രജിസ്റ്റർചെയ്തിട്ടുള്ള 50-ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കുറഞ്ഞത് ആറുമാസത്തേക്ക് രണ്ടു ജീവനക്കാരെയോ 50-ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനം അഞ്ച് ജീവനക്കാരെയോ നിയമിച്ചാലാണ് ആനുകൂല്യം നല്‍കുക.
ഗവേഷണമേഖലയ്ക്കായി ഒരു ലക്ഷം കോടി
ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യസംരംഭകർക്ക് ഗവേഷണം, വികസനം, നവീകരണം (റിസർച്ച്, ഡിവലപ്മെന്റ്, ഇനവേഷൻ) മേഖലയില്‍ സാമ്ബത്തികസഹായം നല്‍കുന്നതാണിത്.
പദ്ധതിപ്രകാരം പലിശരഹിതമായോ കുറഞ്ഞപലിശനിരക്കിലോ സഹായം നല്‍കും. ഗവേഷണങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനും തന്ത്രപ്രധാനവും നിർണായകവുമായ സാങ്കേതികവിദ്യകള്‍ ഏറ്റെടുക്കുന്നതിനും പിന്തുണനല്‍കുകയുമാണ് ലക്ഷ്യം.