ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ റോൾസ് റോയ്‌സ്

ബെംഗളൂരു: ഇന്ത്യയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങി ബ്രിട്ടീഷ് എയ്റോ എഞ്ചിൻ നിർമ്മാതാക്കളായ റോൾസ് റോയ്സ്. ജെറ്റ് എഞ്ചിനുകൾ, നാവിക പ്രൊപ്പൽഷൻ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണിത്. യുഎസിനും ജർമനിക്കും ശേഷം യുകെയ്ക്ക് പുറത്തുള്ള മൂന്നാമത്തെ സുപ്രധാന വിപണിയായാണ് കമ്പനി ഇന്ത്യയെ കാണുന്നത്.

ഇന്ത്യ വികസിപ്പിക്കുന്ന അത്യാധുനിക മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രോഗ്രാമിന്റെ ഭാഗമായ കോംബാറ്റ് ജെറ്റുകൾക്ക് കരുത്ത് പകരുന്നതിനുള്ള എയ്റോ എഞ്ചിൻ ഇന്ത്യയിൽ വികസിപ്പിക്കുന്നതിനാണ് കമ്പനി മുൻഗണന നൽകുന്നതെന്ന് റോൾസ് റോയ്സ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശശി മുകുന്ദൻ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ പോരാട്ടവീര്യം വർധിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോൾസ് റോയ്സിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

AMCA എഞ്ചിൻ കോർ നാവിക മറൈൻ എഞ്ചിനായി പരിഷ്‌ക്കരിക്കാമെന്നും ഇലക്ട്രിക് പ്രൊപ്പൽഷനും അത് ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. ‘എയ്റോ എഞ്ചിൻ ഇത്തരത്തിൽ മാറ്റംവരുത്താനുള്ള വൈദഗ്ധ്യം സ്വന്തമാക്കിയിട്ടുള്ള വളരെ കുറച്ച് എഞ്ചിൻ നിർമ്മാതാക്കളിൽ ഒരാളാണ് റോൾസ് റോയ്സ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ രണ്ട് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുമായി രണ്ട് ധാരണാപത്രങ്ങളിൽ (MoUs) ഒറോൾസ് റോയ്സ് ഒപ്പുവെക്കും. ഇതിൽ ഒന്ന് അർജുൻ ടാങ്കുകൾക്കുള്ള എഞ്ചിനുകളുടെ നിർമ്മാണത്തിനും മറ്റൊന്ന് ഭാവിയിലെ കോംബാറ്റ് വാഹനങ്ങൾക്കുള്ള എഞ്ചിനുകളുമായി ബന്ധപ്പെട്ടതും ആയിരിക്കും.

റോൾസ് റോയ്സിന് ഇന്ത്യ വളരെ നിർണായകമാണെന്ന് കമ്പനി അധികൃതർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരത്തെതന്നെ ധരിപ്പിച്ചിരുന്നു. എഞ്ചിൻ രൂപകൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഇന്ത്യയിൽ ചെയ്യാൻ കഴിയുമെന്നും സാങ്കേതികവിദ്യ കൈമാറുമെന്നും റോൾസ് റോയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

യൂറോഫൈറ്റർ ടൈഫൂണിന് EJ200 എഞ്ചിൻ നൽകുന്നത് റോൾസ് റോയ്‌സാണ്. ആറാം തലമുറ വിമാന എഞ്ചിൻ വികസിപ്പിക്കുന്നതിനുള്ള യുകെ, ജപ്പാൻ, ഇറ്റലി എന്നിവയുടെ സംരംഭമായ ഗ്ലോബൽ കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാമിന്റെ നേതൃനിരയിലും റോൾസ് റോയ്സ് ഉണ്ട്.

GEയും റോൾസ് റോയ്സും ചേർന്ന് അഞ്ചാം തലമുറ F-35ന് വേണ്ടി പ്രത്യേക എഞ്ചിൻ വികസിപ്പിച്ച സംയുക്തസംഘത്തിന്റെയും ഭാഗമായിരുന്നു. F-135 വിമാനങ്ങൾക്ക് വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത ഒരേയൊരു എഞ്ചിനായിരുന്നു F-136 എഞ്ചിൻ, എഞ്ചിൻ വികസനം GE ഏവിയേഷനും റോൾസ് റോയ്സുമാണ് നയിച്ചത്. ഈ അനുഭവസമ്പത്ത് ഇന്ത്യയ്ക്കും പ്രയോജനപ്പെടുത്താം എന്നാണ് കമ്പനി പറയുന്നത്.

ഇന്ത്യയിലെ വ്യോമമേഖല അതിവേഗം വളരുകയാണെന്നും ഈ രംഗത്തെ വികസനത്തിന് കരുത്ത് പകരാൻ റോൾസ് റോയ്സിന് ഏറ്റവും നൂതന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യാൻ കഴിയുമെന്നും ശശി മുകുന്ദൻ പറഞ്ഞു.

X
Top