
തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി (കെറെറ)യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജിസ്ട്രേഷനിൽ 39.47 ശതമാനം വർധന. 2021ൽ 114 പുതിയ പ്രോജക്ടുകൾ രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 159 പുതിയ പ്രോജക്ടുകളാണ്.
2021ൽ 8,28,230.79 ചതുരശ്ര മീറ്റർ ബിൽറ്റ് അപ്പ് ഏരിയ പുതിയ രജിസ്റ്റേർഡ് പ്രോജക്ടുകളിലായി ഉണ്ടായിരുന്നുവെങ്കിൽ 2022 ആയപ്പോൾ അത് 16,36,577.18 ചതുരശ്ര മീറ്ററായി വർധിച്ചു. 2021ൽ പുതിയ രജിസ്റ്റേർഡ് പ്രോജക്ടുകളിലായി 5,933 യൂണിറ്റുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ 2022ൽ അത് 12,018 യൂണിറ്റുകളായി വർധിച്ചു.
കോവിഡ് മൂലം നിറം മങ്ങിപ്പോയ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖല ശക്തി പ്രാപിക്കുന്നതിന്‍റെ സൂചനയാണ് ഈ കണക്കുകൾ.2022ൽ റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്കാണ് കൂടുതൽ രജിസ്ട്രേഷൻ വന്നിരിക്കുന്നത് 148 എണ്ണം. 50 വില്ല പ്രോജക്ടുകളുടെ രജിസ്ട്രേഷനും കഴിഞ്ഞ വർഷം വന്നിട്ടുണ്ട്.
കൊമേഴ്സ്യൽ റസിഡൻഷ്യൽ സമ്മിശ്ര പ്രോജക്ടുകൾ 19 എണ്ണമാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവ കൂടാതെ ഏഴ് പ്ലോട്ട് രജിസ്ട്രേഷനുകളും മൂന്ന് ഷോപ്പ് / ഓഫീസ് സ്പേസ് പ്രോജക്ടുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജിസ്ട്രേഷൻ നടന്നിരിക്കുന്നത് എറണാകുളം ജില്ലയിലാണ് – 80 എണ്ണം. തിരുവനന്തപുരം ജില്ല (72) യാണ് രജിസ്ട്രേഷനിൽ രണ്ടാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ വർഷം ഒരു രജിസ്ട്രേഷനും നടക്കാത്ത ജില്ലകൾ വയനാടും കൊല്ലവുമാണ്.