
ന്യൂഡല്‍ഹി: ബാങ്ക് വായ്പ വളര്‍ച്ചയില്‍ റീട്ടെയില്‍ വായ്പകള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രതിമാസ ബുള്ളറ്റിന്‍. കോവിഡാനന്തരം വിതരണം ചെയ്ത മൊത്തം വായ്പയില്‍ ചില്ലറ വായ്പകളുടെ സംഭാവന ഗണ്യമാണ്. അതായത് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (എസ്സിബി) വിതരണം ചെയ്ത വായപകളില്‍ ചില്ലറ വായ്പകളുടെ വിഹിതം 2023 മാര്‍ച്ചില് 32.1 ശതമാനമായി ഉയര്‍ന്നു.
2022 മാര്‍ച്ചില്‍ ഇത് 30.7 ശതമാനവും 2018 മാര്‍ച്ചില്‍ 24.8 ശതമാനവുമാണ്. 2023 മാര്‍ച്ച് അവസാനം റീട്ടെയില്‍ ക്രെഡിറ്റ് കുടിശ്ശിക 40.85 ലക്ഷം കോടി രൂപയാണ്.2018 മാര്‍ച്ചിനെ അപേക്ഷിച്ച് ഇരട്ടിയിലധികം.
മാത്രമല്ല വ്യാവസായിക, സേവന മേഖല വിഹിതത്തേക്കാള്‍ കൂടുതലാണ് റീട്ടെയില്‍ വായ്പ സംഭാവന. റീട്ടെയില്‍ ക്രെഡിറ്റില്‍ ഭവന വായ്പ വളര്‍ച്ച പലിശ നിരക്കിനെയും ആസ്തി ഗുണമേന്മയേയും ആശ്രയിച്ചിരിക്കുന്നതായും പ്രതിമാസ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. വാഹന, സുരക്ഷിതമല്ലാത്ത വായ്പകളും സമാന സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്.
ആഭ്യന്തര, ആഗോള സമ്പദ് വ്യവസ്ഥകളിലെ സംഭവങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന പ്രതിമാസ പ്രസിദ്ധീകരണമാണ് ആര്‍ബിഐ ബുള്ളറ്റിന്‍.






