
മുംബൈ: സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് (MAB) എത്രയായിരിക്കണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വ്യക്തമാക്കി. വിഷയം കേന്ദ്ര ബാങ്കിന്റെ നിയന്ത്രണ പരിധിയിൽ വരുന്നതല്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഐസിഐസിഐ ബാങ്ക് ഓഗസ്റ്റ് 1 മുതൽ നഗര, മെട്രോ പ്രദേശങ്ങളിലെ പുതിയ അക്കൗണ്ട് ഉടമകളുടെ മിനിമം ബാലന്‍സ് 50,000 രൂപയായി ഉയർത്തിയത് വിവാദമായ സാഹചര്യത്തിലാണ് സഞ്ജയ് മൽഹോത്രയുടെ പ്രതികരണം.
മിനിമം ശരാശരി ബാലൻസ് എത്രയാണെന്ന് തീരുമാനിക്കാനുള്ള അവകാശം ബാങ്കുകൾക്ക് വിട്ടു നല്‍കിയിരിക്കുകയാണ്. ചില ബാങ്കുകൾ മിനിമം ബാലൻസ് 10,000 രൂപയായും മറ്റു ചിലത് 2,000 രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്.
മറ്റ് ചിലവ ഇത് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ പ്രശ്നം ആര്‍ബിഐ യുടെ നിയന്ത്രണ മേഖലയ്ക്ക് കീഴിൽ വരുന്നതല്ലെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
കൂടുതല്‍ ആളുകള്‍ അക്കൗണ്ടുകള്‍ തുറക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പൊതുമേഖലാ ബാങ്കുകൾ മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള പിഴകൾ ഒഴിവാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഐസിഐസിഐ ബാങ്കിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്.
മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള പിഴകൾ ആദ്യമായി ഒഴിവാക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് ബാലൻസ് നിലനിർത്തേണ്ടതിന്റെ ബുദ്ധിമുട്ട് കൂടാതെ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാനുളള സാഹചര്യമുണ്ടായി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയും മിനിമം ബാലന്‍സ് ഇല്ലാത്തതിനുള്ള പിഴ ഒഴിവാക്കിയിരുന്നു.
അതേസമയം, മിക്ക സ്വകാര്യ ബാങ്കുകളും മിനിമം ബാലന്‍സ് പാലിക്കാതിരുന്നാല്‍ ആവശ്യമായ മിനിമം ബാലൻസിലുള്ള കുറവിന്റെ 6 ശതമാനം അല്ലെങ്കിൽ ഒരു പാദത്തിൽ 500 രൂപ, ഏതാണോ കുറവ് എന്ന രീതിയില്‍ പിഴ ഈടാക്കുന്നുണ്ട്.