
മുംബൈ: വീട്ടുപകരണ ബ്രാന്‍ഡായ കെല്‍വിനേറ്ററിനെ സ്വന്തമാക്കിയിരിക്കയാണ് റിലയന്‍സ് റീട്ടെയില്‍. അതിവേഗം വളരുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണിയില്‍ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
റിലയന്‍സിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയ്ക്ക് ശക്തമായ ബ്രാന്‍ഡ് മൂല്യം നല്‍കാന്‍ കെല്‍വിനേറ്ററിനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ഹോം റഫ്രിജറേഷന്‍ രംഗത്ത് വെന്നിക്കൊടി പാറിച്ച കെല്‍വിനേറ്റര്‍ അതിന്റെ ജനപ്രിയ ടാഗ് ലൈന്‍ ‘ദി കൂളസ്റ്റ് വണ്‍’ കൊണ്ട് 80 കളിലും 90 കളിലും മാര്‍ക്കറ്റ് ഭരിച്ചിരുന്നു.
ഉയര്‍ന്ന നിലവാരമുള്ളതും ആഗോളതലത്തില്‍ ബെഞ്ച്മാര്‍ക്ക് ചെയ്തതുമായ ഉപകരണങ്ങള്‍ ഇന്ത്യന്‍ വീടുകള്‍ക്ക് പ്രാപ്യമാക്കുക എന്നതാണ് ഏറ്റെടുക്കലിന്റെ ലക്ഷ്യം.
‘ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആഗോള ഉത്പന്നങ്ങള്‍ എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ ചുവടുവെപ്പ്,’ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു. കമ്പനിയുടെ വിശാലമായ റീട്ടെയില്‍ ശൃംഖല വഴി ബ്രാന്‍ഡിനെ കൂടുതല്‍ ശക്തമാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇടപാടിലൂടെ, പ്രീമിയം വീട്ടുപകരണ വിഭാഗത്തില്‍ ആഴത്തില്‍ വേരുറപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സ് നല്‍കാനും, മികച്ച ഉത്പന്നങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും റിലയന്‍സ് റീട്ടെയിലിനാകും.