
ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോർജ നിലയം നിർമ്മിക്കുന്നതിനുളള കരാറിലേര്‍പ്പെട്ട് അനില്‍ അംബാനിയുടെ നേതൃത്വത്തിലുളള റിലയൻസ് പവർ.
500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് ഭൂട്ടാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡുമായാണ് കമ്പനി കരാറിൽ ഏര്‍പ്പെട്ടിരിക്കുന്നത്.
ഭൂട്ടാന്‍ സർക്കാരിന്റെ പ്രധാന നിക്ഷേപ വിഭാഗമായ ഡ്രൂക്ക് ഹോൾഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റിനും റിലയൻസ് പവറിനും 50-50 വിഹിതമുളള സംയുക്ത സംരംഭമാണിത്. 2,000 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ഭൂട്ടാന്റെ സൗരോർജ മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണിത്.
പുതിയ സോളാർ പ്ലാന്റ് ഇന്ത്യക്കും ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേക്കും പ്ലാന്റില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നത്. ഗ്രീൻ ഡിജിറ്റല്‍ കമ്പനിയുമായുളള ദീർഘകാല കരാറിലൂടെയാണ് റിലയന്‍സ് പവര്‍ വൈദ്യുതി വിൽക്കുക.
പദ്ധതിക്ക് ധനസഹായം ക്രമീകരിക്കുന്നതിനായി ബാങ്കുകളുമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും കമ്പനി ചർച്ച നടത്തി വരികയാണ്.
റിലയൻസ് പവർ ലിമിറ്റഡും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭമായ റിലയൻസ് എന്റർപ്രൈസസ് ഭൂട്ടാനില്‍ ഹരിത ഊർജ വികസനം ഉറപ്പാക്കുന്നതിനായി ഡ്രൂക്ക് ഹോൾഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡുമായി (DHI) 2024 ഒക്ടോബറിലാണ് പങ്കാളിത്തത്തിൽ ഏർപ്പെടുന്നത്.
500 മെഗാവാട്ട് സൗരോർജ പദ്ധതി കൂടാതെ 770 മെഗാവാട്ട് ചാംഖാർച്ചു-I ജലവൈദ്യുത പദ്ധതിയുടെ നിർവ്വഹണവും പരിപാലനവും കരാറിൽ ഉൾപ്പെടുന്നു.