
മുംബൈ: ഡിസംബറില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം ആദ്യമായി 30,000 കോടി രൂപ മറികടന്നു. 31,002 കോടി രൂപയാണ് പ്രതിമാസ എസ്‌ഐപി അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ മാസം എത്തിയത്.
നവംബറില്‍ 29,445 കോടി രൂപയാണ് എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടിരുന്നത്. അതിനേക്കാള്‍ 1557 കോടി രൂപയുടെ വര്‍ധനയാണ് ഡിസംബറില്‍ ഉണ്ടായത്. ഒക്‌ടോബറില്‍ ഇത് 29,530 കോടി രൂപയായിരുന്നു.
എസ്‌ഐപി നിക്ഷേപം പ്രതിമാസ അടിസ്ഥാനത്തില്‍ അഞ്ച് ശതമാനവും വാര്‍ഷിക അടിസ്ഥാനത്തില്‍ 17 ശതമാനവുമാണ് വര്‍ധിച്ചത്. 2024 ഡിസംബറില്‍ എസ്‌ഐപി വഴി 26,459 കോടി രൂപയായിരുന്നു നിക്ഷേപിക്കപ്പെട്ടത്.
എസ്‌ഐപി നിക്ഷേപം സ്ഥിരതയോടെ തുടരുന്നത് ദീര്‍ഘകാല നിക്ഷേപകര്‍ അച്ചടക്കത്തോടെ വിപണിയെ സമീപിക്കുന്നതിന്റെ സൂചനയാണ്.
അതേ സമയം ഡിസംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം ആറ് ശതമാനം കുറഞ്ഞു. നവംബറില്‍ 29,911 കോടി രൂപയായിരുന്ന നിക്ഷേപം ഡിസംബറില്‍ 28,054 കോടി രൂപയായാണ് കുറഞ്ഞത്.
2024 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനം ഇടിവുണ്ടായി. 2024 ഡിസംബറില്‍ 41,155 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റി ഫണ്ടുകളിലെത്തിയത്.
മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 80.23 ലക്ഷം കോടി രൂപയാണ്. ഇത് നവംബറില്‍ ഇത് 80.7 ലക്ഷം കോടി രൂപയായിരുന്നു.






