
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗ് റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിര്‍ത്തി. നിഷ്പക്ഷ നിലപാട് പിന്തുടരാനും തീരുമാനമായിട്ടുണ്ട്.2026 സാമ്പത്തികവര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തിയ കേന്ദ്രബാങ്ക് ചില്ലറ പണപ്പെരുപ്പ അനുമാനം 3.1 ശതമാനത്തിലേയ്ക്ക് താഴ്ത്തി.
മാത്രമല്ല, നാലാംപാദം മുതല്‍ സിപിഐ പണപ്പെരുപ്പം 4 ശതമാനമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര കരുതുന്നു. വിലകുറഞ്ഞ വായ്പ പ്രതീക്ഷിച്ചവരെ കേന്ദ്രബാങ്കിന്റെ നീക്കം നിരാശരാക്കി.
ആര്‍ബിഐ നിരക്ക് കുറയ്ക്കാതെ ഹോവ്ക്കിഷ് നയം സ്വീകരിച്ചതിന് പിന്നില്‍ നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിരക്ക് കുറയ്ക്കാതെ തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 6.5 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനവും വളരുമെന്ന കേന്ദ്രബാങ്ക് പ്രതീക്ഷയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ വേഗതയെക്കുറിച്ച് ആര്‍ബിഐയ്ക്ക് ആത്്മവിശ്വാസമുണ്ട്. 2026 സാമ്പത്തികവര്‍ഷത്തിലെ പണപ്പെരുപ്പം 3.1 ശതമാനവും 2027 സാമ്പത്തികവര്‍ഷത്തിലെ പണപ്പെരുപ്പം ആദ്യപാദത്തില്‍ 4.9 ശതമാനമായി വര്‍ദ്ധിക്കുമെന്നുമാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍.
പണപ്പെരുപ്പം വളരെക്കാലം താഴ്ന്ന നിലയില്‍ തുടരണമെന്നില്ല, എന്നതുകൊണ്ടുതന്നെ ജാഗ്രത പാലിക്കുകയാണ് ഉചിതമെന്ന് ആര്‍ബിഐ പണനയ സമിതി കരുതുന്നു. നിരക്ക് കുറയ്ക്കുന്ന പക്ഷം അത് നിയന്ത്രാതീതമായ പണപ്പെരുപ്പത്തിന് കാരണമായേക്കാം.
മാത്രമല്ല, റിപ്പോ നിരക്ക് പണപ്പെരുപ്പ തോതിനേക്കാള്‍ അല്‍പം മാത്രമാണ് കൂടുതല്‍. അതുകൊണ്ടുതന്നെ നിരക്കുകള്‍ കുറയ്ക്കുന്നത് സമ്പാദ്യത്തെ ബാധിച്ചേയ്ക്കും. സമ്പാദ്യം പണപ്പെരുപ്പത്തേക്കാള്‍ കുറവ് വരുമാനമേ നല്‍കൂ എന്നതിനാലാണിത്.
വായ്പ വളര്‍ച്ച ദുര്‍ബലമായത് ചെലവേറിയതുകൊണ്ടല്ല മറിച്ച് കൃത്രിമ ബുദ്ധി (എഐ) കാരണമുള്ള തൊഴില്‍ നഷ്ട ഭീതിയും ട്രംപിന്റെ താരിഫ് നയങ്ങളുമാണെന്ന് കേന്ദ്രബാങ്ക് നിരീക്ഷിച്ചു.
ആഗോള പ്രശ്നങ്ങള്‍ (ട്രമ്പ് താരിഫ് പോലുള്ളവ) പരിഹരിക്കപ്പെടുകയും യുഎസ് ഫെഡ് റിസര്‍വ് നിരക്കുകകള്‍ കുറയ്ക്കുകയും ചെയ്താല്‍ ഒക്ടോബറില്‍ ആര്‍ബിഐ മറിച്ച് ചിന്തിച്ചേയ്ക്കാം. നിരക്ക് അതേപടി നിലനിര്‍ത്തിയ കേന്ദ്രബാങ്ക് നടപടിയില്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചു. അതേസമയം ഇക്വിറ്റി വിപണിയില്‍ വലിയ മാറ്റമൊന്നും ദൃശ്യമായിട്ടില്ല. ബാങ്ക് ഓഹരികള്‍ മിക്കവാറും സ്ഥിരത പുലര്‍ത്തി.