
മുംബൈ: വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാനായേക്കും. ഭൂമിയുടെ ഡിജിറ്റലൈസേഷന്‍ നടപ്പ് വര്‍ഷം അവസാനം പൂര്‍ത്തിയാകുന്നതോടെയാണ് ഇത്.
കോളിയേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023-24 സാമ്പത്തികവര്‍ഷത്തില്‍ റിയാല്‍റ്റി മേഖല 5.8 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ ആകര്‍ഷിച്ചു. എന്നാല്‍ 2025 വര്‍ഷത്തെ ആദ്യ പകുതിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്ക് 39 ശതമാനമായി കുറഞ്ഞ് 1.6 ബില്യണ്‍ ഡോളറായി.
ഭൂവുടമസ്ഥാവകാശം ഡിജിറ്റൈലൈസ് ചെയ്യുകയും ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം സാമ്പത്തിക ആസ്തികള്‍ മികച്ച നിക്ഷേപമല്ലാതാവുകയും ചെയ്താല്‍ റിയല്‍ എസ്റ്റേറ്റ് വീണ്ടും നിക്ഷേപമാകര്‍ഷിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
ലഡാക്കും വടക്കുകിഴക്കന്‍ മേഖലയും ഒഴികെയുള്ള ഭൂവുടമസ്ഥതാ രേഖകള്‍ രാജ്യവ്യാപകമായി ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ഡിസംബറായി കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്.
ഭൂവിഭവ വകുപ്പിന്റെ ഡാറ്റ പ്രകാരം 372.12 ദശലക്ഷം ഭൂരേഖകള്‍ – ആകെയുള്ളതിന്റെ 99.8 ശതമാനവും ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ 97.3 ശതമാനം കഡാസ്ട്രല്‍ മാപ്പുകളും. റവന്യൂ കോടതികളില്‍ ഏകദേശം 90 ശതമാനവും കമ്പ്യൂട്ടര്‍വത്കരിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ എല്ലാ സബ്-രജിസ്ട്രാര്‍ ഓഫീസുകളും ഇപ്പോള്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.






