
ഹൈദെരാബാദ്: റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുമ്പോള്‍ പാന്‍ നമ്പര്‍ വിവരങ്ങള്‍ മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തുന്നതിലൂടെയും, വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതിലൂടെയും രാജ്യവ്യാപകമായി ആയിരക്കണക്കിന് സ്വത്ത് ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയതായി സംശയം.
ഇത്തരത്തില്‍ നടത്തിയ വെട്ടിപ്പിന്റെ വിവരങ്ങള്‍ കണ്ടെത്താനായി നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വസ്തു രജിസ്ട്രാര്‍മാരുടെ ഓഫിസുകളിലെ രേഖകള്‍ പരിശോധിച്ചു വരികയാണെന്നാണ് സൂചന.
30 ലക്ഷം രൂപയോ അതില്‍ കൂടുതലോ വിലയുള്ള വസ്തുക്കളുടെ വാങ്ങല്‍ – വില്‍ക്കല്‍ വിവരങ്ങള്‍ റജിസ്ട്രാര്‍ ഓഫിസുകള്‍ നികുതി വകുപ്പിന് കൈമാറണം എന്നാണ് നിയമം. എന്നാല്‍, ചില റജിസ്ട്രാര്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച്, വസ്തു വില്‍ക്കുന്നവരും വാങ്ങുന്നവരും ചേര്‍ന്ന് ഈ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ, അല്ലെങ്കില്‍ തെറ്റായ പാന്‍ നമ്പറുകളോ പേരുകളോ നല്‍കുന്ന സംഭവങ്ങളുണ്ട്. നേരത്തെ കള്ളപ്പണം ഒളിപ്പിക്കാനുള്ള പ്രധാന മാര്‍ഗ്ഗമായി ഉയര്‍ന്ന മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
കള്ളപ്പണം; ബിനാമിക്ക് കടിഞ്ഞാൺ
സ്ഥലമില്ലാത്തവര്‍ 50 ലക്ഷത്തിലധികം രൂപയുടെ കാര്‍ഷിക വരുമാനം കാണിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചതും, ഒരേക്കറിന് 5 ലക്ഷത്തിലധികം വരുമാനം കാണിച്ച് വരുമാനം പെരുപ്പിച്ചുകാട്ടിയ കേസുകളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് സമാനമായി,ചില ചെറിയ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വലിയ പണമിടപാടുകളുടെ വിവരങ്ങള്‍ നികുതി വകുപ്പിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായും വിവരമുണ്ട്.
നികുതിദായകരുടെ വാര്‍ഷിക വിവര റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഈ വിവരങ്ങള്‍ ഒരാളുടെ മൊത്തം സാമ്പത്തിക പ്രൊഫൈലുമായി ഒത്തുനോക്കിയാണ് നികുതി റിട്ടേണുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി തിരഞ്ഞെടുക്കുന്നത്.
അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ട എല്ലാ ഇടപാടുകളുടെയും കൃത്യമായ വിവരങ്ങള്‍ നികുതി വകുപ്പിന് ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.