
കൊച്ചി: ഉണര്‍വിലേക്ക് വീണ്ടും ചുവടുവച്ച് കേരളത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖല. കൊവിഡും നികുതിഭാരവും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനയും ഉള്‍പ്പെടെ സൃഷ്ടിച്ച തിരിച്ചടികള്‍ നിലനില്‍ക്കുമ്പോഴാണ് ഈ തിരിച്ചുവരവ്.
കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലെ (K-ReRa) രജിസ്‌ട്രേഷന്‍ കണക്കുപ്രകാരം നിലവില്‍ സംസ്ഥാനത്ത് നിര്‍മ്മാണം പുരോഗമിക്കുന്നത് 4.4 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ്.
ചതുരശ്ര അടിക്ക് ശരാശരി 2,500 രൂപ വീതം നിര്‍മ്മാണച്ചെലവ് കണക്കാക്കുമ്പോഴുള്ള തുകയാണിത്. ചതുരശ്ര അടിക്ക് ശരാശരി 4,500 രൂപ വീതം വില്‍പന വില കണക്കാക്കിയാല്‍, നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികളുടെ മൊത്തം മൂല്യം 7.93 ലക്ഷം കോടി രൂപ വരും.
2021ല്‍ 114, 2022ല്‍ 159 എന്നിങ്ങനെ പുത്തന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ് കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023 ജനുവരി-ജൂണില്‍ തന്നെ പുതിയ പദ്ധതികളുടെ എണ്ണം 105 ആയിട്ടുണ്ട്. അതായത്, കഴിഞ്ഞ രണ്ടുവര്‍ഷത്തേക്കാളും കൂടുതല്‍ പദ്ധതികള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം.
ഏപ്രില്‍-ജൂണ്‍പാദത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത പുതിയ പദ്ധതികള്‍ 55 എണ്ണമാണ്. ജനുവരി-മാര്‍ച്ചില്‍ 50 എണ്ണമായിരുന്നു. എറണാകുളത്തെ പുതിയ പദ്ധതികളുടെ എണ്ണം 12ല്‍ നിന്ന് 24ലേക്കും തിരുവനന്തപുരത്തേത് 13ല്‍ നിന്ന് 14ലേക്കും ഉയര്‍ന്നു.
തൃശൂര്‍ (4), പാലക്കാട് (3), കോട്ടയം (3), കോഴിക്കോട് (4), കണ്ണൂര്‍ (2) എന്നിങ്ങനെയും പുതിയ പദ്ധതികള്‍ കഴിഞ്ഞപാദത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രില്‍-ജൂണ്‍പാദത്തിലെ ആകെ 55 പുതിയ പദ്ധതികളില്‍ 9 എണ്ണം നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്നതും 46 എണ്ണം പുതുതായി നിര്‍മ്മാണം ആരംഭിച്ചതുമാണ്. പുതുതായി നിര്‍മ്മാണം തുടങ്ങിയവയില്‍ 27 എണ്ണം പാര്‍പ്പിട (റെസിഡന്‍ഷ്യല്‍) പദ്ധതികളാണ്.
11 എണ്ണം വില്ലകളും 5 എണ്ണം പ്ലോട്ടുകളുമാണ്. മൂന്നെണ്ണം വാണിജ്യ സമുച്ചയവും പാര്‍പ്പിട പദ്ധതിയും ചേര്‍ന്ന സംയോജിത (Mixed) പദ്ധതികളാണെന്നും റെറയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.