
ന്യൂഡല്‍ഹി: എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന നഷ്ടപരിഹാര നയം തയ്യാറാക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). വാണിജ്യ ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്സി), ഗ്രാമീണ സഹകരണ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമായ നയമാണ് ലക്ഷ്യം. പരാതികള്‍ സമര്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ ഏത് സ്ഥാപനവുമായി ബന്ധപ്പെട്ടവരായാലും ന്യായവും സ്ഥിരവുമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് നയം ഉറപ്പാക്കും.
ആര്‍ബിഐയുടെയോ അതിന്റെ ഓംബുഡ്സ്മാന്റെയോ തലത്തില്‍ ഒരു പരാതി പരിഹരിച്ചാല്‍ അധിക നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥയും നിര്‍ദ്ദിഷ്ട നയത്തിലുണ്ട്. ധനകാര്യ സ്ഥാപനം പരിഹരിക്കാത്ത പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആര്‍ബിഐ നിയമിച്ച ഒരു സ്വതന്ത്ര അതോറിറ്റിയാണ് ഓംബുഡ്സ്മാന്‍. സ്ഥാപനത്തിനപ്പുറത്തേക്ക് പരാതികള്‍ വ്യാപിപ്പിക്കേണ്ടിവരുമ്പോള്‍ ഉപഭോക്താക്കള്‍ അസൗകര്യം നേരിടുമെന്നും അതുകൊണ്ടുതന്നെ അവര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നും കേന്ദ്രബാങ്ക് തിരിച്ചറിയുന്നു.
ഒക്ടോബര്‍ 2 ബുധനാഴ്ച ആര്‍ബിഐ പദ്ധതി പ്രഖ്യാപിച്ചു. ഗ്രാമീണ സഹകരണ ബാങ്കുകളും പരിഷ്‌കരിച്ച പദ്ധതിയില്‍ ഉള്‍പ്പെടും. മുന്‍പ് ഓംബുഡ്‌സ്മാന്‍ പരിധിയില്‍ നിന്നും ഈ സ്ഥാപനങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നു. പദ്ധതിയുടെ കരട് പൊതുജനാഭിപ്രായത്തിനായി ഔദ്യോഗിക വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
ഏകീകൃത നഷ്ടപരിഹാര നയത്തെ മിക്ക ബാങ്കുകളും പിന്തുണച്ചിട്ടുണ്ട്. ആര്‍ബിഐ തലത്തില്‍ അധിക നഷ്ടപരിഹാരം നല്‍കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് ബാങ്കുകള്‍ക്ക് ആശങ്കയുണ്ട്. ചില ഉപഭോക്താക്കള്‍ പരാതികള്‍ പെരുപ്പിച്ചു കാണിക്കുകയോ ഉയര്‍ന്ന പേഔട്ടുകള്‍ ലഭിക്കുന്നതിന് അനാവശ്യമായി അവ വര്‍ദ്ധിപ്പിക്കുകയോ ചെയ്‌തേക്കാം എന്ന് അവര്‍ വാദിക്കുന്നു.
പദ്ധതി നടപ്പാക്കുന്നതിന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍, സമയം ആവശ്യപ്പെട്ടു. ഡാറ്റ സമര്‍പ്പണം ഓട്ടോമേറ്റ് ചെയ്യുന്നതിനും പുതിയ നിയമങ്ങളുമായി അവരുടെ ആന്തരിക പ്രക്രിയകള്‍ യോജിപ്പിക്കുന്നതിനും സംവിധാനങ്ങള്‍ നവീകരിക്കേണ്ടതുണ്ട്.
ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ഒരു ദ്വിതല പരാതി കൈകാര്യം ചെയ്യല്‍ സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ് പരിഗണിക്കപ്പെടുന്ന പ്രധാന പരിഷ്‌കാരം. പരാതികള്‍ ആദ്യം സ്ഥാപനത്തിനുള്ളിലെ ഒരു നിയുക്ത സംഘം അവലോകനം ചെയ്യുകയും പരിഹരിക്കപ്പെട്ടില്ലെങ്കില്‍, അവ ഇന്റേണല്‍ ഓംബുഡ്സ്മാന് (ഐഒ) കൈമാറുകയും ചെയ്യും. പുതിയ നിര്‍ദ്ദേശപ്രകാരം, നഷ്ടപരിഹാരം നല്‍കാനും ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും ഐഒമാര്‍ക്ക് അധികാരമുണ്ടായിരിക്കും. അതായത്് ഐഒ ആയി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ റോള്‍ ആര്‍ബിഐ ഓംബുഡ്‌സ്മാന് സമാനമാക്കും.
പുതിയ നയം എപ്പോള്‍ നടപ്പിലാക്കുമെന്ന് ആര്‍ബിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഉപഭോക്തൃ സംരക്ഷണം മാനദണ്ഡമാക്കുന്ന, ഒരു പ്രധാന മാറ്റത്തെ നീക്കം സൂചിപ്പിക്കുന്നു. പരാതി പ്രക്രിയ കൂടുതല്‍ സുതാര്യവും പ്രതികരണശേഷിയുള്ളതും നീതിയുക്തവുമാക്കുക എന്നതാണ് ലക്ഷ്യം.