
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളെ തട്ടിപ്പില്‍ നിന്നും സരക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് ഇന്റലിജന്റ്‌സ് പ്ലാറ്റ്‌ഫോം (ഡിപിഐപി) വികസിപ്പിച്ചുകൊണ്ടിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). പ്ലാറ്റ്‌ഫോം തിരഞ്ഞെടുത്ത ബാങ്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി.
ഡിജിറ്റല്‍ ഇടപാട് നിരീക്ഷിക്കാനും തട്ടിപ്പ് തിരിച്ചറിയാനും ഡിപിഐപിയ്ക്ക് സാധിക്കും. കൃത്രിമ ബുദ്ധി (എഐ) ഉപയോഗപ്പെടുത്തിയാണിത്. പ്ലാറ്റ്‌ഫോമിലെ പ്രധാന ഘടകം, തട്ടിപ്പ് അക്കൗണ്ടുകളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ ശേഖരിക്കുന്ന ‘നെഗറ്റീവ് രജിസ്ട്രി’ ആണ്. ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നും ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററില്‍ നിന്നും (14സി) ഡാറ്റ സ്വീകരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
സംശയാസ്പദ അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകള്‍ തടയാന്‍ രജിസ്ട്രി സഹായിക്കും. ഓരോ ഇടപാടിനും നല്‍കുന്ന റിസ്‌ക്ക് സ്‌ക്കോറാണ് മറ്റൊരു പ്രത്യേകത. അക്കൗണ്ടിന്റെ ചരിത്രം, സ്ഥാനം, ഇടപാട് പെരുമാറ്റം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്‌ക്കോര്‍. റിസ്‌ക്ക് സ്‌ക്കോര്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കപ്പെടാം.
നിലവില്‍ അഞ്ച് ബാങ്കുകളില്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നുണ്ട്. പൈലറ്റ് ഒഒരു ഡസനിലധികം ബാങ്കുകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കും. ഒക്ടോബര്‍ 1 ലെ ധനനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ റാബി ശങ്കര്‍ ഇത് സംബന്ധിച്ച സൂചന നല്‍കി.
ആര്‍ബിഐയുടെ ഇന്നൊവേഷന്‍ ഹബ് പ്രോട്ടോടൈപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്നതിന് ഒരു പ്രത്യേക സ്ഥാപനം സ്ഥാപിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് മ്യൂള്‍ അക്കൗണ്ടുകള്‍ (മോഷ്ടിച്ച പണം നീക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍), ടെലികോം സിഗ്‌നലുകള്‍, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവയുള്‍പ്പെടെ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നുള്ള ഡാറ്റ സിസ്റ്റം ഉപയോഗിക്കും.
ഒരു ഇടപാട് പൂര്‍ത്തിയാകുന്നതിന് മുമ്പ് അലേര്‍ട്ടുകള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഇത് മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ബാങ്കുകളെയും ഉപഭോക്താക്കളെയും പ്രാപ്തമാക്കും. മുന്നറിയിപ്പ് സംവിധാനം തട്ടിപ്പ് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
202425 സാമ്പത്തിക വര്‍ഷത്തില്‍, കാര്‍ഡുകളും ഇന്റര്‍നെറ്റ് ബാങ്കിംഗും ഉള്‍പ്പെട്ട 13,516 തട്ടിപ്പ് കേസുകള്‍ ഇന്ത്യന്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കേസുകള്‍ 520 കോടിയിലധികം രൂപയുടെ നഷ്ടത്തിന് കാരണമായി. ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ഭൂരിഭാഗവും സ്വകാര്യമേഖലാ ബാങ്കുകളിലാണ് നടന്നത്. അതേസമയം പൊതുമേഖലാ ബാങ്കുകള്‍ വായ്പകളുമായി ബന്ധപ്പെട്ട കൂടുതല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ആര്‍ബിഐയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഡിപിഐപി.