
മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം സർവകാല റെക്കോഡിലേക്ക് ഇടിഞ്ഞതോടെ വീണ്ടും ഇടപെട്ട് റിസർവ് ബാങ്ക്. ഈ വർഷം മേയിന് ശേഷം മൂല്യത്തിൽ 6.5 ശതമാനം ഇടിവ് നേരിട്ടതോടെയാണ് ആർ.ബി.ഐ നീക്കം.
കരുതൽ ധനമായ ഡോളർ വൻ തോതിൽ വിൽപന നടത്തിയാണ് കൂപ്പുകുത്തലിൽനിന്ന് രൂപയെ രക്ഷിക്കാൻ ശ്രമിച്ചത്.
സെപ്റ്റംബർ ഒന്ന് മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ 26.31 ബില്ല്യൻ ഡോളർ അതായത് 2.34 ലക്ഷം കോടി ഡോളറാണ് ആർ.ബി.ഐ വിൽപന നടത്തിയത്. ഒക്ടോബറിൽ 9.3 ബില്ല്യൻ ഡോളറും നവംബർ ആദ്യ പകുതിയിൽ 5.6 ബില്ല്യൻ ഡോളറും വിൽപന നടത്തിയതായി ബ്ലൂംബർഗ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
എന്നാൽ, സെപ്റ്റംബറിൽ 9.6 ബില്ല്യൻ ഡോളർ വിൽപന നടത്തിയതായാണ് ആർ.ബി.ഐ കണക്ക്. മാത്രമല്ല, ഈ വർഷത്തെ ആദ്യത്തെ ഒമ്പത് മാസം 21.8 ബില്ല്യൻ ഡോളർ വിറ്റതായും ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം നടത്തിയ മൊത്തം ഡോളർ വിൽപനയെക്കാൾ 77 ശതമാനം അധികമാണിത്. 12.3 ബില്ല്യൻ ഡോളറാണ് കഴിഞ്ഞ വർഷം വിറ്റത്.
അതേസമയം, വ്യാപാര യുദ്ധമുണ്ടാകുമ്പോഴെല്ലാം കറൻസിയുടെ മൂല്യം കുത്തനെ ഇടിയാറുണ്ടെന്ന് കൊട്ടക് സെക്യൂരിറ്റീസ് കറൻസി, കമ്മോഡിറ്റി ഗവേഷണ വിഭാഗം തലവൻ അനിന്ധ്യ ബാനർജി പറഞ്ഞു. യു.എസുമായുള്ള വ്യാപാര യുദ്ധത്തിനിടെ ചൈനയുടെ കറൻസിയായ യുവാന്റെ മൂല്യം ഇടിഞ്ഞിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസ് താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയാണ് രൂപയുടെ മൂല്യത്തകർച്ചക്ക് കാരണം. യു.എസുമായി വ്യാപാര കരാർ യാഥാർഥ്യമായാൽ രൂപയുടെ മൂല്യം ഉയരാൻ തുടങ്ങും. നിലവിൽ മൂല്യം വളരെ കുറഞ്ഞ കറൻസിയായതിനാൽ അടുത്ത വർഷം രൂപ തിരിച്ചുകയറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതാവസ്ഥ നിറഞ്ഞ ലോകത്ത് കറൻസിയുടെ മൂല്യം പിടിച്ചുനിർത്താൻ റഗുലേറ്റർമാർ വിപണിയിൽ നേരിട്ട് ഇടപെടേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണെന്ന് ഗ്രാന്റ് തോൻടൻ ഭാരതിന്റെ പാർട്നറും ഫിനാൻഷ്യൽ സർവിസസ് റിസ്ക് അഡ്വൈവസറി ലീഡറുമായ വിവേക് അയ്യർ പറഞ്ഞു. ഡോളർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിലൂടെ രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ ആർ.ബി.ഐ നടത്തുന്നതും ഈ ഇടപെടലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ രൂപ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. താരിഫ് പ്രഖ്യാപിച്ച യു.എസുമായി ഉടൻ വ്യാപാര കരാറിലെത്താൻ സർക്കാറിന് കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, മേയിൽ താരിഫിന്റെ ആദ്യ ഘട്ടം നടപ്പാക്കിയപ്പോൾ മുതലാണ് മൂല്യം ഇടിയാൻ തുടങ്ങിയത്. ആഗസ്റ്റോടെ ഇടിവ് ശക്തമാകുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെ 55.8 ബില്ല്യൻ ഡോളറാണ് ആർ.ബി.ഐ അന്താരാഷ്ട്ര വിപണിയിൽ വിറ്റൊഴിവാക്കിയത്. എന്നാൽ, രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്താൻ സ്പോട്ട് മാർക്കറ്റിൽ നേരിട്ട് ഇടപെടുന്നത് മാർച്ചിന് ശേഷം കുറക്കുകയായിരുന്നു.






