
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയില്‍ നോണ്‍ ഡെലിവറബിള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡെറിവേറ്റീവ് കരാറുകള്‍ (എന്‍ഡിഡിസി) തീര്‍പ്പാക്കാനുള്ള അനുമതി, ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ അന്താരാഷ്ട്ര ബാങ്കിംഗ് യൂണിറ്റുകള്‍ക്ക് (ഐബിയു) ആര്‍ബിഐ നല്‍കി. ഇതുവരെ, ഡെറിവേറ്റീവുകള്‍ വിദേശ കറന്‍സിയിലാണ് തീര്‍പ്പാക്കിയിരുന്നത്. ഐബിയുകള്‍ പ്രവര്‍ത്തിക്കുന്ന, അംഗീകൃത ഡീലര്‍ (എഡി) കാറ്റഗറി -1 ബാങ്കുകള്‍ക്ക് ഇന്ത്യന്‍ രൂപ ഉള്‍പ്പെടുന്ന എന്‍ഡിഡിസികള്‍ റെസിഡന്റ് നോണ്‍-റീട്ടെയില്‍ ഉപയോക്താക്കള്‍ക്ക് ഹെഡ്ജിംഗിനായി വാഗ്ദാനം ചെയ്യാം.
അത്തരം ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ പണമായി തീര്‍പ്പാക്കാവുന്നതാണ്. ഇത് ഓണ്‍ഷോര്‍ രൂപ എന്‍ഡിഡിസി വിപണി വികസിപ്പിക്കാനും റെസിഡന്റുകള്‍ക്ക് അവരുടെ ഹെഡ്ജിംഗ് പ്രോഗ്രാമുകള്‍ കാര്യക്ഷമമായി രൂപകല്‍പ്പന ചെയ്യാനും സഹായകരമാകും. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എന്‍ഡിഡിസികള്‍ വാഗ്ദാനം ചെയ്യാന്‍ ബാങ്കുകളെ അനുവദിക്കാനുള്ള തീരുമാനം ആഭ്യന്തര, വിദേശ വിപണികള്‍ തമ്മിലുള്ള മധ്യസ്ഥത ഇല്ലാതാക്കുകയും ചെയ്യും.
പ്രവാസികളുമായി രൂപ എന്‍ഡിഡിസികളില്‍ ഇടപാട് നടത്താന്‍
ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ (ഐഎഫ്എസ്സി) ബാങ്കിംഗ് യൂണിറ്റുകളുള്ള(ഐബിയു) ബാങ്കുകള്‍ക്ക് നേരത്തെ അനുമതിയുണ്ട്. ഈ ബാങ്കുകള്‍ക്ക് പ്രവാസികളുമായുള്ള എന്‍ഡിഡിസി ഇടപാടുകള്‍ വിദേശ കറന്‍സിയിലോ ഇന്ത്യന്‍ രൂപയിലോ തീര്‍പ്പാക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. അതേസമയം പൗരന്മാരുടെ ഇടപാടുകള്‍ നിര്‍ബന്ധമായും രൂപയില്‍ തീര്‍പ്പാക്കും.