
ന്യൂഡല്‍ഹി: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ ദ്വിമാസ ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്തിയ കേന്ദ്രബാങ്ക്, പണപ്പെരുപ്പ പ്രവചനം 2.8 ശതമാനമായി കുറയ്ക്കാനും വളര്‍ച്ചാനുമാനം 6.8 ശതമാനമായി ഉയര്‍ത്താനും തയ്യാറായി.
ആര്‍ബിഐ ഉദ്യോഗസ്ഥരുടെയും ബാഹ്യ വിദഗ്ധരുടെയും കൂട്ടായ്മയായ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായാണ് തീരുമാനങ്ങളെടുത്തത്. പലിശ നിരക്കുകള്‍ നിശ്ചിയിക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുക എന്നത് ഇവരുടെ ഉത്തരവാദിത്തമാണ്. നടപ്പ് വര്‍ഷത്തിന്റെ തുടക്കത്തില്‍ മൂന്ന് തവണയായി റിപ്പോ നിരക്ക് 1 ശതമാനം കുറയ്ക്കാന്‍ എംപിസി തയ്യാറായിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ നിരക്ക് അതേപടി നിലനിര്‍ത്തി.
മാത്രമല്ല, ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാടാണ് കമ്മിറ്റിയ്ക്കുള്ളത്. അതായത് മുന്‍ തീരുമാനങ്ങളുടെ ഫലങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമെന്ന് കണ്ടാല്‍ നിരക്കുകള്‍ കുറയ്ക്കുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യും.
ആര്‍ബിഐ, വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണം, ഭക്ഷ്യവിലയിലെ കുറവ്, ഉയര്‍ന്ന ഭക്ഷ്യധാന്യ സ്‌റ്റോക്ക് എന്നിവയുടെ പശ്ചാത്തലത്തിലാണ് എംപിസി പണപ്പെരുപ്പ അനുമാനം കുറച്ചത്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡ്, വര്‍ദ്ധിച്ച നിക്ഷേപം, ജിഎസ്ടി പരിഷ്‌കാരങ്ങളുടെ പോസിറ്റീവ് ഫലങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമാക്കാനും എംപിസി തയ്യാറായി. നേരത്തെ 6.5 ശതമാനമായിരുന്നു വളര്‍ച്ചാ അനുമാനം.
വിദേശ വിനിമയ കരുതല്‍ ശേഖരം 700.2 ബില്യണ്‍ യുഎസ് ഡോളറാണെന്നും ഇത് 11 മാസത്തിലധികം ഇറക്കുമതി നികത്താന്‍ പര്യാപ്തമാണെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 38 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. അതേസമയം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 3.9 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ച നിരീക്ഷണത്തിന് വിധേയമാക്കുകയാണ്.
ബാങ്കിംഗ് സംവിധാനത്തില്‍ ആവശ്യത്തിന് ലിക്വിഡിറ്റിയുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.ഓഗസ്റ്റ് പോളിസി മീറ്റിംഗ് മുതല്‍, ബാങ്കുകള്‍ക്ക് ഏകദേശം 2.1 ലക്ഷം കോടി രൂപയുടെ ദൈനംദിന മിച്ചമുണ്ട്. ഫെബ്രുവരി മുതല്‍ ബാങ്ക് വായ്പാ നിരക്ക് 0.58 ശതമാനവും നിക്ഷേപ നിരക്ക് 1.06 ശതമാനവും കുറഞ്ഞു. അതായത് ആര്‍ബിഐ നടപ്പിലാക്കുന്ന മാറ്റങ്ങള്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു.
പണപ്പെരുപ്പം 4 ശതമാനമായും ടോളറന്‍സ് ശേഷി 2 ശതമാനം പ്ലസ് അല്ലെങ്കില്‍ മൈനസ് ലെവലിലും നിലനിര്‍ത്തുകയെന്നതാണ് ലക്ഷ്യം. 22 നിയന്ത്രണ നടപടികളും ആര്‍ബിഐ പ്രഖ്യാപിച്ചു. 2027 ഏപ്രില്‍ മുതല്‍ പുതിയ ക്രെഡിറ്റ് ലോസ് ചട്ടക്കൂടും പുതുക്കിയ അന്താരാഷ്ട്ര ബാങ്കിംഗ് മാനദണ്ഡങ്ങളും (ബേസല്‍ III മാനദണ്ഡങ്ങള്‍) നടപ്പിലാക്കും.
2031 ഓടെയാണ് നടപടികള്‍ പൂര്‍ണ്ണമായി നിലവില്‍ വരിക. കോര്‍പ്പറേറ്റ് ഏറ്റെടുക്കലുകള്‍ക്ക് ധനസഹായം നല്‍കാനും ഓഹരികള്‍ക്കെതിരെയും ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗുകള്‍ക്കും (ഐപിഒകള്‍) വായ്പ നല്‍കാനും ബാങ്കുകള്‍ക്ക് അനുവാദമുണ്ടാകും. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) അടിസ്ഥാന സൗകര്യ ധനസഹായ നിയമങ്ങള്‍ ലഘൂകരിക്കും.
നഗര സഹകരണ ബാങ്കുകള്‍ക്ക് പുതിയ ലൈസന്‍സുകള്‍ നല്‍കുന്നതും വിദേശ വിനിമയത്തിനും ബാഹ്യ വാണിജ്യ വായ്പകള്‍ക്കുമുള്ള നിയമങ്ങള്‍ ലളിതമാക്കുന്നതും ആര്‍ബിഐ പരിഗണിക്കുന്നു. വിപുലീകരിച്ച ഓംബുഡ്സ്മാന്‍ പദ്ധതിയിലൂടെയും അടിസ്ഥാന അക്കൗണ്ടുകള്‍ക്കായി ഡിജിറ്റല്‍ ബാങ്കിംഗിലേക്കുള്ള മെച്ചപ്പെട്ട ആക്സസ് വഴിയും ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തില്‍ ഇന്ത്യന്‍ രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും ആര്‍ബിഐ വിശദീകരിച്ചു.