
ന്യൂഡല്‍ഹി: മറ്റൊരു 50 ബേസിസ് പോയന്റ് നിരക്ക് വര്‍ദ്ധനയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുനിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പം ടോളറന്‍സ് പരിധിക്ക് മുകളില്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്. രാജ്യത്തെ ചെറുകിട പണപ്പെരുപ്പം ഓഗസ്റ്റില്‍ 7 ശതമാനമായി ഉയര്‍ന്നിരുന്നു.
6.9 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണ് 7 ശതമാനം. ജൂലൈ പണപ്പെരുപ്പം വെറും 6.71 ശതമാനം മാത്രമായിരുന്നു.ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനവുണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സെപ്തംബര്‍ 30 നാണ് ആര്‍ബിഐ മോണിറ്ററി പോളിസി യോഗം നടക്കുന്നത്. ലക്ഷ്യത്തേക്കാള്‍ ഉയര്‍ന്ന പണപ്പെരുപ്പം, കര്‍ശന പാത തെരഞ്ഞെടുക്കാന്‍ കേന്ദ്രബാങ്കിനെ നിര്‍ബന്ധിതരാക്കും, ബാര്‍ക്ലേയ്‌സ് ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് രാഹുല്‍ ബജോറിയ പറഞ്ഞു.
മികച്ച വളര്‍ച്ചാ വീക്ഷണവും ശക്തമായ വായ്പാ വളര്‍ച്ചയും ഒരു സുരക്ഷിത ലാന്‍ഡിംഗ് ഉറപ്പുനല്‍കുന്നു. അതുകൊണ്ടുതന്നെ നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് മടികാണിക്കില്ല. ആഗോള നിക്ഷേപ സ്ഥാപനമായ നൊമൂറ ഇന്ത്യ എംഡി സോണാല്‍ വര്‍മയുടെ 50 ബേസിസ് പോയിന്റ് വര്‍ധനവിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
കര്‍ശന നടപടികള്‍ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാക്രോഎക്കണോമിക്, ഫിനാന്‍ഷ്യല്‍ സുസ്ഥിരത എന്നിവ ഉറപ്പുവരുത്തുന്ന നയങ്ങളാണ് സ്വീകരിക്കുകയെന്നും വെല്ലുവിളികളും അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് രണ്ടും കല്‍പിച്ച പ്രവര്‍ത്തനത്തിലാണ് ആര്‍ബിഐയെന്നുമാണ് ശക്തികാന്ത ദാസ് കഴിഞ്ഞമാസം പറഞ്ഞത്.
കേന്ദ്രബാങ്കിന്റെ നിര്‍ബന്ധിത ടാര്‍ഗെറ്റ് ബാന്‍ഡായ 2%-6% ത്തിന് മുകളിലാണ് ഇപ്പോഴും പണപ്പെരുപ്പമുള്ളത്. ആഗസ്ത് 3 മുതല്‍ 5 വരെ നടന്ന യോഗത്തില്‍, ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ എംപിസി തയ്യാറായി. ഇതോടെ റിപ്പോനിരക്ക് 5.40 ശതമാനമായി ഉയര്‍ന്നു.






