
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം, കേന്ദ്രബാങ്ക് നടപ്പ് വര്‍ഷത്തില്‍ 600 കിലോഗ്രാം സ്വര്‍ണ്ണം കൂട്ടിച്ചേര്‍ത്തു.സെപ്തംബര്‍ 26 ന് അവസാനിച്ച ആഴ്ചയില്‍ 200 കിലോഗ്രാമും ജൂണ്‍ 27 ന് അവസാനിച്ച ആഴ്ചയില്‍ 400 കിലോഗ്രാമുമാണ് ആര്‍ബിഐ വാങ്ങിയത്.
ഇതോടെ സ്വര്‍ണ്ണശേഖരം 880 ടണ്ണായി. കൂടാതെ മൂല്യം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടന്നു. നിലവിലിത് 102.36 ബില്യണ്‍ ഡോളറാണ്. മൊത്തം വിദേശനാണ്യ ശേഖരത്തിന്റെ 13.6 ശതമാനം നിലവില്‍ സ്വര്‍ണ്ണമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.3 ശതമാനം അധികം.
അതേസമയം യുഎസ് ട്രഷറി സെക്യൂരിറ്റിയിലെ ഇന്ത്യയുടെ നിക്ഷേപം 219 ബില്യണ്‍ ഡോളറെന്ന ഏഴ് മാസത്തെ താഴ്ന്ന നിലയിലെത്തി. ഒരുമാസം മുന്‍പ് ഇത് 227.4 ബില്യണ്‍ ഡോളറായിരുന്നു. ഒക്ടോബര്‍ 10 വരെ രാജ്യത്തിന്റെ മൊത്തം ഫോറിന്‍ എക്സ്ചേഞ്ച് റിസര്‍വ് 698 ബില്യണ്‍ ഡോളറാണ്.
യുഎസ് സമ്പദ് വ്യവസ്ഥയെക്കുറിച്ചും ആഗോള വ്യാപാരത്തെക്കുറിച്ചും ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ആര്‍ബിഐ നീക്കം.
യുഎസ് ട്രഷറി സെക്യൂരിറ്റികളിലെ കേന്ദ്രബാങ്കുകളുടെ നിക്ഷേപം നിലവില്‍ 9.1 ട്രില്യണ്‍ ഡോളറാണ്. ഇതില്‍ 1.1 ട്രില്യണ്‍ ഡോളറുമായി ജപ്പാനും 899 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി യുകെയും 730.7 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ചൈനയും മുന്നിട്ടു നില്‍ക്കുന്നു.






