
മുംബൈ: ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിന് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിക്ക് റിസർവ് ബാങ്ക് പിഴ ചുമത്തി.
91 ലക്ഷം രൂപ പിഴയാണ് ആർബിഐ ചുമത്തിയത്.
കെവൈസി പോലുള്ള നിയമങ്ങൾ ഉൾപ്പെടെ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആർബിഐയുടെ നടപടി.
ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ പാലിക്കുന്നതിൽ എച്ച്ഡിഎഫ്സി പരാജയപ്പെട്ടു. ‘ബാങ്കുകൾ സാന്പത്തിക സേവനങ്ങൾ ഒൗട്ട്സോഴ്സ് ചെയ്യുന്നതിൽ അപകടസാധ്യതകളും പെരുമാറ്റച്ചട്ടവും പാലിച്ചില്ല. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പാലിക്കാത്തതിനുകൂടിയാണ് പിഴയെന്ന് ആർബിഐ പത്രക്കുറിപ്പിൽ അറിയിച്ചു.
2024 മാർച്ച് 31 ലെ സാന്പത്തികസ്ഥിതി അടിസ്ഥാനമാക്കി നടത്തിയ പരിശോധന പ്രകാരമാണ് ഇപ്പോഴത്തെ നടപടികൾ. ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ, ആർബിഐ നിർദേശങ്ങൾ എന്നിവ കൃത്യമായി പരിഗണിച്ചില്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആർബിഐ നൽകിയ നോട്ടീസിന് ബാങ്ക് നൽകിയ മറുപടി തൃപ്തികരമായിരുന്നില്ലെന്നും റിസർവ് ബാങ്ക് പറയുന്നു.






