
ന്യൂഡല്‍ഹി: വായ്പാ നിരക്ക് അതേപടി നിലനിര്‍ത്താന്‍ സാമ്പത്തിക വിദഗ്ധര്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യോട് നിര്‍ദ്ദേശിച്ചു. പണപ്പെരുപ്പം കുറഞ്ഞ തോതിലാകുകയും സമ്പദ് വ്യവസ്ഥ വളര്‍ച്ച നിലനിര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ആര്‍ബിഐ ഗവര്‍ണര്‍ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്.
ഓഗസ്റ്റില്‍ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞിരുന്നു. ഇതോടെ തുടര്‍ച്ചയായ ഏഴാം മാസവും പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യമായ 4 ശതമാനത്തില്‍ താഴെയായി. ഇതാണ് നിരക്ക് കുറയ്ക്കല്‍ വേണ്ട എന്ന നിഗമനത്തിലേയ്ക്ക് സാമ്പത്തിക വിദഗ്ധരെ നയിച്ചത്.
മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 7.8 ശതമാനമാകുകയും ചെയ്തു. മുന്‍പ്രവചനങ്ങളെ മറികടന്ന പ്രകടമാണിത്. 2025 ഫെബ്രുവരി മുതല്‍ ഇതിനകം ഒരു ശതമാനം നിരക്ക് കുറവിന് കേന്ദ്രബാങ്ക് തയ്യാറായിട്ടുണ്ട്.
നിലവില്‍ 5.5 ശതമാനമാണ് റിപ്പോ നിരക്ക്. അതേസമയം ഓഗസ്റ്റില്‍ നടന്ന മോണിറ്ററി പോളിസി മീറ്റിംഗില്‍ ആര്‍ബിഐ നിരക്ക് അതേ പടി നിലനര്‍ത്തി. വരും ദിവസങ്ങളില്‍ അക്കമഡേറ്റീവ് നിലപാട് സ്വീകരിക്കാനും ധാരണയായി. ഇത് പ്രകാരം ആവശ്യമെങ്കില്‍ നിരക്കുയര്‍ത്താനോ താഴ്ത്താനോ സാധിക്കും.